മരമായി വളരണം; ആഗ്രഹം പോലെ മാവിന് വളമായി പ്രതാപ് പോത്തന്‍റെ ചിതാഭസ്മം
|മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന്‍റെ ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു
ചെന്നൈ; വിട പറഞ്ഞെങ്കിലും പ്രതാപ് പോത്തന്‍ എന്ന അതുല്യ കലാകാരന്‍ ഈ ഭൂമിയില്‍ മരമായി വളര്‍ന്നു പടര്‍ന്നു പന്തലിക്കും. അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന്‍റെ ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു.
ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞായിരുന്നു പ്രതാപ് പോത്തന്‍റെ അവസാന യാത്ര. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം തപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.
ചെന്നൈ കിൽപ്പോക്ക് ഗാർഡൻ റോഡിലെ ഫ്ലാറ്റില്‍ വ്യാഴാഴ്ചയായിരുന്നു പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വഭാവിക മരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഭിനയം, നിര്‍മാണം, സംവിധാനം,തിരക്കഥ തുടങ്ങി സിനിമയിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം കയ്യൊപ്പ് പതിപ്പിച്ച അനുഗൃഹീത കലാകാരനെയാണ് സിനിമാലോകത്തിന് നഷ്ടമായത്.
1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് പോത്തന്‍ മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തകര,ചാമരം, നെഞ്ചതെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രതാപ് പ്രേക്ഷകരുടെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടി. ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് ഒടുവില്‍ പ്രതാപ് വേഷമിട്ടത്.