പ്രിയദര്‍ശന്റെ ഏറ്റവും മികച്ച സൃഷ്ടി, മുന്‍വിധികളില്ലാതെ മരക്കാര്‍ കാണുക; പ്രതാപ് പോത്തന്
|എന്നാൽ ഞാൻ ഈ 3 മണിക്കൂർ സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് ഞാൻ എത്തിപ്പെട്ടു
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തെ പ്രകീര്‍ത്തിച്ച് നടന് പ്രതാപ് പോത്തന്. പ്രിയന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയാണ് മരക്കാറെന്നും മുന്‍വിധികളില്ലാതെ സിനിമ കണ്ടാല്‍ തന്റെ അതേ അനുഭവമായിരിക്കും നിങ്ങള്ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതാപ് പോത്തന്റെ കുറിപ്പ്
കഴിഞ്ഞ ദിവസം മരക്കാർ ഞാൻ ആമസോൺ പ്രൈമിൽ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ലജ്ജയില്ലാതെ പറയാനാകും. എന്റെ അഭിപ്രായത്തില്‍, അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്.… എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു പ്രിയന് സിനിമ ഞാന്‍ അവസാനമായി കണ്ടത് 'തേന്മാവിന് കൊമ്പത്താണ്.. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത 'എപിക് സ്കെയിലിൽ' ആണ് മരക്കാർ ഒരുക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്നു പറയാം.
വിനോദത്തെ കുറിച്ച് വ്യക്തമായ ധാരണയോടെയാണ് മികച്ച ശൈലിയിൽ പ്രിയൻ ഈ കഥ പറഞ്ഞിരിക്കുന്നത്. എനിക്ക് ശ്രദ്ധക്കുറവുണ്ട്. എന്നാൽ ഞാൻ ഈ 3 മണിക്കൂർ സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് ഞാൻ എത്തിപ്പെട്ടു. സിനിമയെക്കുറിച്ചുള്ള എല്ലാം ഒന്നാം തരം, ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സംഗീതം, ശബ്ദം, എല്ലാത്തിലുമുപരി അഭിനയം, എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം 'കുഞ്ഞാലി'യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെയാണ് പ്രത്യേകിച്ച് ക്ലോസ് അപ് കാഴ്ചയിൽ ആ കണ്ണുകളും മൂക്കും...
എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പനാശാരി) 'സാമൂതിരി'യായി അഭിനയിക്കുന്നു, അതെന്റെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിച്ചു. അദ്ദേഹം പൂർണതയോടെ ആ വേഷം ചെയ്തു, ഇത് എനിക്ക് മാത്രമാണോ തോന്നിയതെന്ന് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു. പ്രിയൻ ഒരു ചൈനീസ് കലാകാരനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ആ ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകൾ അടയാളപ്പെടുത്തിക്കോളൂ, ഈ പെൺകുട്ടി വരും കാലത്ത് ഏറ്റവും വലിയ താരമാകും. ഇനിയും പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കുന്നില്ല. മുന്‍വിധികളില്ലാതെ നിങ്ങൾ മരക്കാർ കാണുക. എന്റെ അതേ അനുഭവമായിരിക്കും നിങ്ങൾക്കും...