'പ്രേമലു'; 100 കോടി ലോഡിങ്
|29 ദിവസം കൊണ്ട് ചിത്രം 93 കോടിയാണ് നേടിയത്
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലു നൂറുകോടി ക്ലബ്ലിലേക്ക് അടുക്കുന്നു. 29 ദിവസം കൊണ്ട് ചിത്രം 93 കോടി രൂപയാണ് നേടിയത്. ഈ നേട്ടം കൈവരിച്ച അഞ്ചാമത്തെ മലയാള ചിത്രമാണ് പ്രേമലു. കേരളത്തില്‍ മാത്രം 50 കോടിയാണ് സിനിമ നേടിയതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം നൂറുകോടിയിലെത്തുമെന്നാണ് പ്രതീക്ഷ.
സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകളും വലിയ സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ്. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിതരണ കമ്പനിയാണ് തെലുങ്കില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഒടിടി വിതരണാവകാശവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിദംബരം സംവിധാനം ചെയ്ത് അടുത്തിടെ പുറങ്ങിയ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' നൂറു കോടി ക്ലബ്ബില്‍ എത്തിയിരുന്നു. 12 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.
നസ്‌ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം വിഷുവിന് ഒ.ടി.ടിയിലേക്ക് എത്തിയേക്കും.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.