Entertainment
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി, ആഷിഖ് അബുവിന്‍റെ നീലവെളിച്ചത്തില്‍ ടോവിനോയും റോഷന്‍ മാത്യുവും
Entertainment

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി, ആഷിഖ് അബുവിന്‍റെ നീലവെളിച്ചത്തില്‍ ടോവിനോയും റോഷന്‍ മാത്യുവും

ijas
|
17 March 2022 4:51 AM GMT

തുടക്കത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു അഭിനേതാക്കളായി പ്രഖ്യാപിച്ചിരുന്നത്

വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി. പുതിയ താരങ്ങളെ വെച്ചുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ടോവിനോ തോമസ്, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബുവാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. നീലവെളിച്ചത്തിന്‍റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നും ആഷിഖ് അബു അറിയിച്ചു. കണ്ണൂരിലെ പിണറായി ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അവിടെയുള്ള ഒരു പ്രാചീന ബ്രിട്ടീഷ് ബംഗ്ലാവ് ഇതിനുവേണ്ടി പ്രത്യേകം മോടി പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

'പ്രേതബാധ'യുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ബഷീറിന്‍റെ നീലവെളിച്ചം എന്ന കഥ നേരത്തെയും സിനിമയായിട്ടുണ്ട്. ഭാര്‍ഗ്ഗവീനിലയം എന്ന പേരില്‍ 1964ല്‍ എ വിന്‍സെന്‍റ് ആണ് ചിത്രം സംവിധാനം ചെയ്തത്. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്. പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2021 ജനുവരിയിലാണ് ആഷിഖ് അബുവിന്‍റെ നീലവെളിച്ചം പ്രൊജക്ട് പ്രഖ്യാപിക്കുന്നത്. തുടക്കത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു അഭിനേതാക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളുടെ ഷെഡ്യൂളുകള്‍ നീണ്ടതോടെയാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയത്. ടോവിനോയും ആസിഫ് അലിയുമായും പകരം എത്തുകയെന്നാണ് ആഷിഖ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ആസിഫ് അലിയും ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയതിലൂടെ വ്യക്തമാകുന്നത്.

ആദ്യ ചിത്രത്തില്‍ ഷൈജു ഖാലിദായിരുന്നു ഛായാഗ്രഹണം. എന്നാല്‍ ഏറ്റവും അവസാന പോസ്റ്റര്‍ പ്രകാരം ഗിരീഷ് ഗംഗാധരനാവും ഛായാഗ്രഹണം നിര്‍വ്വഹിക്കുക. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ശ്യാം പുഷ്ക്കരനാണ് നീലവെളിച്ചത്തിനുവേണ്ടി സംഭാഷണങ്ങള്‍ എഴുതുന്നത്.

ടോവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും നീലവെളിച്ചം. മായാനദി, വൈറസ്, നാരദന്‍ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ മൂന്ന് ചിത്രങ്ങള്‍. നാരദനാണ് ഇരുവരുടെയും അവസാനം പുറത്തിറങ്ങിയ ചിത്രം.

Similar Posts