ലൂസിഫറിലെ ഐറ്റം ഡാൻസിലൂടെ ഞാൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് പറഞ്ഞാൽ സമ്മതിക്കില്ല; പൃഥ്വിരാജ്
|സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകില്ലെന്ന് ഞാൻ പറയുകയും എന്നാൽ എന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീവിരുദ്ധതയാണ് എന്ന് ആൾക്കാർക്ക് തോന്നുകയും ചെയ്തതു കൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്
കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍.മോഹന്‍ലാല്‍ നായകനായ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് വിവാദത്തിന് വഴിവച്ചിരുന്നു. ഐറ്റം ഡാൻസിലൂടെ സ്ത്രീവിരുദ്ധതയാണ് പൃഥ്വിരാജ് കാണിച്ചതെന്ന് ആയിരുന്നു വിമർശനം. ഇപ്പോള്‍ അക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വി. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലൂസിഫറിലെ ഐറ്റം ഡാൻസ് വിവാദത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്.
തന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് ആരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ലെന്നും തന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതു കൊണ്ടാണെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകില്ലെന്ന് ഞാൻ പറയുകയും എന്നാൽ എന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീവിരുദ്ധതയാണ് എന്ന് ആൾക്കാർക്ക് തോന്നുകയും ചെയ്തതു കൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്.
താൻ ഇത് ഒരുപാട് വിശദീകരിച്ചതാണെന്നും എന്നാൽ ഒന്നുകൂടി പറയാമെന്നും പൃഥ്വിരാജ് പറഞ്ഞു. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്നെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്ന് പറയുന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്ന ഒരു പെൺകുട്ടിയെ ഹരാസ് ചെയ്യുന്ന നായകനോട് പെൺകുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നത് ഒക്കെയാണ്. തന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വെച്ചിട്ട് തനിക്കത് റിലേറ്റ് ചെയ്യാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണെന്നും ലൂസിഫറിലെ അവസാന ഗാനത്തിൽ താൻ ഫെമിനിൻ ബ്യൂട്ടി ഒബ്ജക്ടിഫൈ ചെയ്തെന്നും അത് സ്ത്രീവിരുദ്ധതയാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.