പൃഥ്വിരാജ് - പ്രഭാസ് കോംമ്പോ; സലാറിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
|ഡിസംബർ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ഈ ആക്ഷൻ വിസ്മയത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍
രണ്ട് സുഹൃത്തുക്കളുടെ സൗഹൃദബന്ധത്തിന്റെ കഥ പറയുന്ന സലാറിലെ ആദ്യത്തെ ലിറിക്കൽ സിംഗിൾ പുറത്തിറങ്ങി. 'സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന 'സലാർ ഭാഗം 1 സീസ്ഫയർ'. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയുന്ന ചിത്രം പ്രേക്ഷകപ്രതീക്ഷ വാനോളമാണ്. ഡിസംബർ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ഈ ആക്ഷൻ വിസ്മയത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രവി ബസ്രൂർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. മലയാളത്തിൽ രാജീവ് ഗോവിന്ദൻ എഴുതിയ വരികൾ ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ സിംഗിൾ പ്രഖ്യാപനം മുതൽ, പ്രേക്ഷകർ കാത്തിരുന്ന 'സൂര്യാഗം' എന്ന് തുടങ്ങുന്ന ആദ്യ ലിറിക്കൽ സിംഗിൾ ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ 'സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക മനസ്സിൽ ആദ്യ കേൾവിയിൽ തന്നെ ഇടംനേടിക്കഴിഞ്ഞു.
രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിൻറെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.
ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഉജ്വൽ കുൽക്കർണി ആണ്. ഹോംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാർ നിർമിക്കുന്നത്. സലാർ കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തീയറ്ററുകളിൽ എത്തിക്കും