മുഹ്‌സിൻ പരാരി അമേസിങ് റൈറ്ററാണ്: പൃഥ്വിരാജ്
|ഈ കാലഘട്ടത്തിലെ മികച്ച എഴുത്തുകാരിൽ രണ്ടുപേരാണ് മുഹ്‌സിനും വിനായകുമെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
'കെ.എൽ 10 പത്ത്' എന്ന സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച സംവിധായകനാണ് മുഹ്‌സിൻ പരാരി. സംവിധായകൻ എന്നതിലുപരി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിൽ ഒരാളായും ഇപ്പോൾ മുഹ്‌സിൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. മലയാളത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളാണ് മുഹ്‌സിനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്.
'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈനസൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിന് പുറമെ ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു. ഈ കാലഘട്ടത്തിലെ മികച്ച എഴുത്തുകാരിൽ രണ്ടുപേരാണ് മുഹ്‌സിനും വിനായകുമെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
ബേസിൽ ജോസഫ് അഭിനയിച്ച ഫാലിമി സിനിമയിലെ 'മഴവില്ലിലെ വെള്ളയെ നൊമ്പര പമ്പര ചുറ്റലിൽ കണ്ടോ നീ' എന്ന വരികളിൽ ഒളിഞ്ഞിരിക്കുന്ന സങ്കടത്തെ ഡീ കോഡ് ചെയ്തു മനസ്സിലാക്കിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ബേസിൽ മറുപടി പറയുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ പരാമർശം.
എന്നാൽ ആവരികളെക്കുറിച്ച് അത്രയും ആലോചിച്ചിട്ടില്ല എന്നായിരുന്നു ബേസിലിന്റെ മറുപടി. മുഹ്‌സിൻ പരാരിയുടേതായിരുന്നു ആ വരികൾ. താൻ മുഹ്‌സിന്റെ വലിയ ഫാനാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് മുഹ്‌സിൻ അമേസിങ് റൈറ്ററാണെന്ന് പൃഥ്വിരാജ് പറഞ്ഞത്.
മുഹ്‌സിൻ പരാരിയുടെ ഭയങ്കര ഫാനാണ് ഞാൻ. ഭീകര ലിറിക്‌സാണ് അദ്ദേഹത്തിന്റേത്. മുഹ്‌സിനും വിനായകുമാണ് ഈ കാലഘട്ടത്തിലെ മികച്ച ഗാനരചയിതാക്കളിൽ രണ്ടുപേർ എന്നും ബേസിൽ പറഞ്ഞു.
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഗുരുവായൂരമ്പലനടയിൽ'. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിൻ ദാസ് ആണ് സംവിധായകൻ. പൃഥ്വിരാജിന് പുറമെ ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
തമിഴ് നടൻ യോഗി ബാബു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ഗുരുവായൂരമ്പലനടയിൽ'. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.