![prithviraj says the news that the promo shoot of empuran prithviraj says the news that the promo shoot of empuran](https://www.mediaoneonline.com/h-upload/2023/09/02/1386591-l2.webp)
'കേട്ടതൊന്നുമല്ല, ഇതാണ് സത്യം'; എമ്പുരാന്റെ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
![](/images/authorplaceholder.jpg?type=1&v=2)
എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാമി'ന്റെ പഴയ കാലഘട്ടം ആണ് എന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു ലൂസിഫർ. സംവിധായകനായി നടൻ പൃഥ്വിരാജിന്റെ അരങ്ങേറ്റചിത്രം. അതുകൊണ്ടുതന്നെ ലൂസിഫർ2 ന്റെ പ്രഖ്യാപനം മുതൽ ചിത്രവുമായി ബന്ധപ്പെട്ട പല വാർത്തകളും പ്രചരിക്കുന്നുണ്ട്. എല്ലാറ്റിനും കൃത്യമായ മറുപടിയുമായി പൃഥ്വിരാജ് വരാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോ ഷൂട്ട് നടക്കുമെന്ന റിപ്പോർട്ടുകളെ തള്ളിയാണ് പൃഥ്വി എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ 'L2 എമ്പുരാൻ' ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം. ദേശീയ മാധ്യമങ്ങളിലാണ് വാർത്ത പ്രചരിച്ചത്.
'വാർത്ത എവിടെ നിന്നും ഉണ്ടായി എന്നറിയില്ല. പക്ഷേ 'L2 എമ്പുരാന്' പ്രോമോയോ പ്രോമോ ഷൂട്ടോ ഉണ്ടാവില്ല. ഈ മാസം സിനിമയ്ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന തിയതിയും, മറ്റു ചില വിവരങ്ങളും പുറത്തുവിടണം എന്ന് കരുതുന്നു.'' പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാനില്‍ മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാമി'ന്റെ പഴയ കാലഘട്ടമായിരിക്കും എന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതല്ല, പ്രിക്വൽ + സീക്വൽ മിക്സഡ് ആണ് ചിത്രമെന്നും പറയുന്നവരുണ്ട്. ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും ഹൊംബാലെ ഫിലിംസും ഒന്നിച്ചാകും എമ്പുരാൻ നിർമിക്കുക എന്നാണ് വിവരം. ലൂസിഫറിലെ പ്രധാന താരങ്ങളായ മഞ്ജു വാരിയർ, ടൊവിനൊ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.