ആർ.ആർ.ആർ ടീം 80 കോടി രൂപ ഓസ്‌കർ പ്രചാരണത്തിനായി ചെലവഴിച്ചോ? നിർമാതാവിന്റെ പ്രതികരണമിങ്ങനെ
|ഓസ്‌കർ വിതരണ ചടങ്ങിലോ പ്രമോഷന്‍ പരിപാടികളിലോ ധനയ്യ പങ്കെടുത്തിരുന്നില്ല
ഹൈദരാബാദ്: ഇത്തവണത്തെ ഓസ്‌കറിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ചിത്രമായിരുന്നു ആർ.ആർ.ആർ. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് മികച്ച ഒറിജനൽ സോങ്ങിനുള്ള ഓസ്‌കാറാണ് ലഭിച്ചത്.
ഓസ്‌കർ പുരസ്‌കാരചടങ്ങിൽ ജേതാക്കളായ സംഗീതസംവിധായകൻ എം.എം കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവർക്ക് പുറമെ ജൂനിയർ എൻ.ടി.ആർ,രാം ചരൺ,രാജമൗലി എന്നിവരും പങ്കെടുത്തിരുന്നു. ഓസ്‌കറിന് മുന്നോടിയായി പടിഞ്ഞാറൻ രാജ്യങ്ങളിൽ ആർ.ആർ.ആറിന്റെ പ്രചാരണത്തിനായി 80 കോടി രൂപ ചെലവഴിച്ചെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങളോട് ചിത്രത്തിന്റെ നിർമാതാവായ ഡിവിവി ധനയ്യ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്.
'ഓസ്‌കർ കാമ്പെയ്നിനായി ചെലവഴിച്ച പണത്തെക്കുറിച്ചും ഞാൻ കേട്ടു. പ്രചാരണത്തിനായി ഞാൻ പണമൊന്നും ചെലവഴിച്ചിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ ഒരു അവാർഡ് ചടങ്ങിന് ആരും 80 കോടി രൂപ ചിലവഴിക്കാറില്ല. അതിൽ ലാഭമൊന്നും ഉണ്ടാകില്ല'.ഡിവിവി ധനയ്യ പറഞ്ഞു. തെലുങ്ക് 360 ന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമാതാവിന്റെ പ്രതികരണം.
അതേസമയം, ഓസ്‌കറിന്റെ പ്രമോഷന്‍ പരിപാടികളിലോ ഓസ്‌കർ ചടങ്ങിലോ ഒന്നും നിർമാതാവായ ധനയ്യ പങ്കെടുത്തിരുന്നില്ല. ഡിവിവി ധനയ്യ, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ ഓസ്‌കർ പ്രൊമോഷനുകൾക്കായി 25 കോടി രൂപ വീതം പങ്കിടാൻ രാജമൗലി നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ രാജമൗലിയുടെ ആ ആവശ്യം ധനയ്യ നിരസിച്ചതായി സിയാസറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌കർ ജേതാക്കളായ ചന്ദ്രബോസിനും എംഎം കീരവാണിക്കും അവരുടെ ജീവിതപങ്കാളികൾക്കും മാത്രമാണ് ഓസ്‌കാർ ചടങ്ങിൽ പങ്കെടുക്കാൻ സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നത്. ചടങ്ങിൽ പങ്കെടുത്ത രാജമൗലി, റാം, ജൂനിയർ എൻ.ടി.ആർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ഒരാൾക്ക് ഏകദേശം 25,000 ഡോളർ (ഏകദേശം 20 ലക്ഷം രൂപ) നൽകേണ്ടി വന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.