Entertainment
Sharafudheen/ Rajesh Krishna

ഷറഫൂദ്ദീന്‍/ രാജേശ് കൃഷ്ണ

Entertainment

സിനിമയെന്ന ആണ്‍ വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യന്‍: ഷറഫുദ്ദീനെ അഭിനന്ദിച്ച് നിര്‍മാതാവ് രാജേഷ് കൃഷ്ണ

Web Desk
|
18 Feb 2023 7:57 AM GMT

തൊഴില്‍ രംഗത്തിലേക്കുള്ള ആ വരവിന്റെ ഉജ്ജ്വലമായ രാഷ്ട്രീയം അയാള്‍ക്ക് ബോധ്യമുണ്ട്

നടനെന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഷറഫുദ്ദീന്‍ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നുവെന്ന് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രാജേഷ് കൃഷ്ണ. മറ്റുള്ളവരുടെ കൂടി ഇടങ്ങളെ വെട്ടിപ്പിടിക്കാന്‍ നോക്കുന്ന മനുഷ്യരുടെ ലോകത്ത് തനിക്കു കൂടി അര്‍ഹതപ്പെട്ട ഇടമാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും വിട്ടു കൊടുക്കലിന്റെ സുന്ദരമായ രാഷ്ട്രീയം എന്നെ പഠിപ്പിച്ചതിന് പ്രിയപ്പെട്ട ഷറഫൂ, നന്ദി...! എന്നും രാജേഷ് കുറിക്കുന്നു. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് സിനിമയായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണയാണ് ഷറഫുദ്ദീനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്.

സിനിമയെന്ന ആണ്‍ വ്യവഹാര ലോകത്ത് ഈഗോയില്ലാത്ത മനുഷ്യനെന്നാണ് രാജേഷ് ഷറഫുദ്ദീനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ എന്ന നിലയില്‍ ഭാവനയെ കേന്ദ്രീകരിച്ചാണ് സിനിമയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ അവസരത്തിലും യാതൊരു പരിഭവവും കൂടാതെ ആ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കുകയാണ് ഷറഫെന്നും രാജേഷ് വിശേഷിപ്പിക്കുന്നു. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം ഫെബ്രുവരി 24 ന് തിയറ്ററുകളിലെത്തുകയാണ്. ലണ്ടന്‍ ടാക്കീസ്, ബോണ്‍ ഹോമി എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ രാജേഷ് കൃഷ്ണ റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

രാജേഷിന്‍റെ കുറിപ്പ്

ഷറഫുദ്ദീന്‍ എന്ന നടന്‍ മലയാളിക്ക് സുപരിചിതനായത് 'പ്രേമം' എന്ന സിനിമയില്‍ 'റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ' ഏകാന്തതയനുഭവിക്കുന്ന ഗിരിരാജന്‍ കോഴിയായിട്ടാണ്. ഡയലോഗ് ഡെലിവറിയുടെ പ്രത്യേകതയിലൂടെ ആ പയ്യന്‍ അന്നേറെ ചിരിപ്പിച്ചു. ഒരു നടന്റെ വൈവിധ്യാത്മകത തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു ഷറഫുദ്ദീന്റെ തുടര്‍ന്നുള്ള ചിത്രങ്ങള്‍. 'ഗിരിരാജന്‍ കോഴി'യായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീന്‍ പിന്നീട് വിവിധ വേഷങ്ങളിലെ പകര്‍ന്നാട്ടങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചു.പക്വതയും മിതത്വവുമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ഷറഫുദ്ദീന്‍ വളരെപ്പെട്ടെന്ന് സ്വന്തം ഇടമുറപ്പിച്ചു.

നായകനെപ്പോലെ തന്നെ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് 'വരത്തന്‍' ലെ വില്ലന്‍. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ റോയി മൗനസംവേദനത്തിന്റെ ദൃശ്യഭാഷയിലൂടെ പ്രേക്ഷകനെന്ന നിലയില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. പിന്നീട് റോഷാക്കിലെ 'അശോകനും 'നടന്‍ എന്ന നിലയില്‍ അയാളുടെ റേഞ്ച് ബോധ്യപ്പെടുത്തുന്ന കഥാപാത്രമായിരുന്നു. നടനെന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും അയാളെന്നെ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നു. എന്റെ മുന്‍വിധികളെ തച്ചുടയ്ക്കുന്നു... ഞങ്ങളുടെ പുതിയ ചിത്രമായ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ' എന്ന ചിത്രത്തിലെ നായകന്‍ ഷറഫുദ്ദീനാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം ഭാവനയുടെ മടങ്ങിവരവ് എന്ന തരത്തില്‍ സ്വാഭാവികമായും മാധ്യമങ്ങളെല്ലാം ഭാവനയെ മാത്രം കേന്ദ്രീകരിച്ചാണ് വാര്‍ത്തകളും അഭിമുഖങ്ങളും നല്‍കുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ സത്യത്തിലെനിക്ക് ഉള്ളില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു, സിനിമയിലെ നായകന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന ഈഗോ അയാളിലുണരുമോ എന്ന്. പക്ഷേ ഷറഫുദ്ദീന്‍ വിസ്മയിപ്പിച്ചു കളഞ്ഞു. അക്കാര്യത്തെ ഹൃദയവിശാലതയോടെ ഉള്‍ക്കൊള്ളാനുള്ള തുറവി ഷറഫുദ്ദീനുണ്ടെന്ന് ബോധ്യപ്പെടും വിധമായിരുന്നു അയാളുടെ ഇടപെടല്‍. ഭാവനയുടെ മടങ്ങിവരവിനെ എത്ര വിശാലതയോടെയാണ് അയാളെതിരേല്‍ക്കുന്നത്. തൊഴില്‍ രംഗത്തിലേക്കുള്ള ആ വരവിന്റെ ഉജ്ജ്വലമായ രാഷ്ട്രീയം അയാള്‍ക്ക് ബോധ്യമുണ്ട്. 'ഞാനും ഭാവനയുടെ മടങ്ങിവരവാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം ' എന്ന് പറഞ്ഞ ഷറഫുദ്ദീനെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു. സിനിമയെന്ന ആണ്‍വ്യവഹാരലോകത്തില്‍ ഈഗോയില്ലാത്ത മനുഷ്യര്‍ അപൂര്‍വ്വമാണ്.

ഭാവന മനിലയുമായുള്ള തന്റെ സംഭാഷണത്തില്‍ പറയുമ്പോലെ അവസാനനിമിഷം വരെ ഈ ചിത്രത്തില്‍ അഭിനയിക്കണോ വേണ്ടയോ എന്ന് അനിശ്ചിതത്വത്തിലായിരുന്നു. അങ്ങനെയുള്ള ആളെ ചിത്രീകരണ സമയത്തുടനീളം കംഫര്‍ട്ടബിളാക്കി നിര്‍ത്തിയതില്‍ ഷറഫുദ്ദീന്റെ പങ്ക് ചെറുതല്ല. ചില മനുഷ്യരങ്ങനെയാണ്. മറ്റുള്ളവരുടെ കൂടി ഇടങ്ങളെ വെട്ടിപ്പിടിക്കാന്‍ നോക്കുന്ന മനുഷ്യരുടെ ലോകത്ത് തനിക്കു കൂടി അര്‍ഹതപ്പെട്ട ഇടമാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും വിട്ടു കൊടുക്കലിന്റെ സുന്ദരമായ രാഷ്ട്രീയം എന്നെ പഠിപ്പിച്ചതിന് പ്രിയപ്പെട്ട ഷറഫൂ, നന്ദി...! ഒപ്പം ഷറഫുവിന്റെ സന്തത സഹചാരി അജ്മലിനും നന്ദി.

Similar Posts