Entertainment
2018, malayalamfilm, entertainment, boxofficehit
Entertainment

പൊട്ടിത്തെറികളുണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്: 2018ന്‍റെ നിര്‍മാതാവ്

Web Desk
|
7 May 2023 3:05 PM GMT

'ഒരു നല്ല സിനിമയ്ക്ക് വേണ്ടി അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഉദാഹരണമാണ് 2018'

2018 എന്ന സിനിമ ബോക്സ് ഓഫീസില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമ തിയേറ്ററുകളില്‍ എത്തുംവരെ നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെ കുറിച്ച് നിര്‍മാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി വിശദീകരിച്ചു. മനസ്സിനെ വിഷമിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും പൊട്ടിത്തെറിയും വാഗ്വാദങ്ങളുമുണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ താൻ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.

ജൂഡ് ആന്തണിയെന്ന സംവിധായകനെ വേണു കുന്നപ്പിള്ളി പ്രശംസിച്ചു. പെർഫെക്ഷന് വേണ്ടി എത്രയടികൂടാനും അദ്ദേഹത്തിന് മടിയില്ല. ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ, അതിന്‍റെ മുഴുവൻ ക്രെഡിറ്റും ജൂഡിനും ഇതിലെ ടെക്നീഷ്യൻസിനും അവകാശപ്പെട്ടതാണ്. ഒരു നല്ല സിനിമയ്ക്ക് വേണ്ടി അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018 എന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അഞ്ചാം തിയ്യതി റിലീസായ നമ്മുടെ സിനിമ 2018 ഇന്നലെ വൈകുന്നേരമാണ് ദുബൈയിൽ കുടുംബവും സുഹൃത്തുക്കളൊമൊത്ത് കാണാൻ സാധിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവൻ ജോലികൾക്കും ശേഷം ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നി. ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പല സന്ദർഭങ്ങളിലായുള്ള ജനങ്ങളുടെ കയ്യടിയും ആരവങ്ങളും നെടുവീർപ്പും കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു.സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും വികാരപ്രകടനങ്ങളും ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമോർത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയിൽ പെടുന്നു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഷൂട്ടിങ് സമയത്തും പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും നടന്ന ഒട്ടേറെ സന്ദർഭങ്ങൾ മനസ്സിലൂടെ കടന്നുപോയി. മനസ്സിനെ വിഷമിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദർഭങ്ങൾ! എന്നാൽ വിജയ തീരങ്ങളിലെത്തുമ്പോൾ അതെല്ലാം അപ്രത്യക്ഷമാകുമെന്നുളളത് പ്രകൃതി സത്യമാണ്.

ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ, അതിൻറെ മുഴുവൻ ക്രെഡിറ്റും ജൂഡിനും ഇതിലെ ടെക്നീഷ്യൻസിനും അവകാശപ്പെട്ടതാണ്. ഒരു നല്ല സിനിമയ്ക്ക് വേണ്ടി, അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018.

പലപ്പോഴും പൊട്ടിത്തെറിയും വാഗ്വാദങ്ങളും ഉണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്. സിനിമയോടുള്ള ആത്മാർത്ഥമായ ആഭിമുഖ്യവും കാഴ്ചപ്പാടുമാണ് ഏതൊരു സംവിധായകനും വേണ്ടതെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഈ സിനിമ. പലർക്കും സിനിമാ പിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്. അതിനാൽ പലപ്പോഴുമവർ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു.

ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടർ വ്യത്യസ്തനാകുന്നത്. പെർഫെക്ഷന് വേണ്ടി എത്രയടികൂടാനും അദ്ദേഹത്തിന് മടിയില്ല.

ചെയ്യുന്ന ജോലിയിലോ ബിസിനസിലോ കാശു മുടക്കുന്നവരുടെ ആത്മാർത്ഥതയോടെയുളള അഭിപ്രായങ്ങളും ഇടപെടലുകളും അനിവാര്യമാണ്. മലയാള സിനിമാ ലോകം അതത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും!!!

ഞാൻ സഹകരിക്കുന്ന ആറാമത്തെ സിനിമയാണിത്. ആദ്യത്തെ സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമാണ്.

ഇപ്പോഴുമാ സിനിമയുടെ പേര് പറഞ്ഞ്, ഒരുപറ്റമാളുകൾ സോഷ്യൽ മീഡിയയിൽ കളിയാക്കുന്ന കാണാം. അവരുടെ ചേതോവികാരത്തിൻറെ കാരണം അജ്ഞാതമാണ്.

മാളികപ്പുറത്തിൻറെയും 2018ൻറെയും അഭൂതപൂര്‍വമായ വിജയത്തിന്, ദൈവത്തോടും നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. അമിതാഹ്ലാദം ഒരിക്കലുമില്ല.

കളം വിടുന്നതിന് മുന്നേ, ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു. എന്നാൽ ഇപ്പോൾ മനസ്സ് പറയുന്നു ഒരു ഹാട്രിക്കിനു ശേഷം തീരുമാനിക്കാമെന്ന്.

ആത്മാർത്ഥതക്കും സത്യസന്ധമായ കാഴ്ചപ്പാടുകൾക്കും മലയാള സിനിമയിൽ അത്രയൊന്നും ഇടമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഇനി ചാവേറിനായുള്ള കാത്തിരിപ്പ്.

Related Tags :
Similar Posts