ജനഹൃദയങ്ങളിലെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടൻ തന്നെ; ഹോമിനെ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം
|ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു കേസില്‍ പെട്ടത് കാരണമാണ് പുരസ്കാരത്തില്‍ നിന്ന് ഹോമിനെ ഒഴിവാക്കാന്‍ കാരണമായതെന്നും കരുതുന്നവരുണ്ട്
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ നിന്ന് ഹോം എന്ന സിനിമയെ ഒഴിവാക്കിയതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമർശനം. ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പേജിൽ പ്രേക്ഷകർ ജൂറിക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു കേസില്‍ പെട്ടത് കാരണമാണ് പുരസ്കാരത്തില്‍ നിന്ന് ഹോമിനെ ഒഴിവാക്കാന്‍ കാരണമായതെന്നും കരുതുന്നവരുണ്ട്.
ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ചേട്ടാ താങ്കളുടെ ഹൃദയം തുറന്ന മൗനം വാചാലമാണ്... ഇഷ്ടമാണ് മലയാളത്തിനു നിങ്ങളെ......കേരളത്തിന്റെ പ്രബുദ്ധതക്കിവേണ്ടി അങ്ങയോടു ക്ഷമ ചോദിക്കുന്നു, മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ,ജന ഹൃദയങ്ങളിലെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടൻ തന്നെ..എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു മുൻപ് ഏറെ പ്രതീക്ഷകളോടെ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന ചിത്രമാണ് 'ഹോം'. അവസാന റൗണ്ട് വരെ എത്തിയ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അവാർഡ് പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾ ഹോം തഴയപ്പെടുകയായിരുന്നു. ഹോമിനെതിരെ ഒഴിവാക്കിയതിനെതിരെ നടി രമ്യ നമ്പീശന് രംഗത്തെത്തിയിരുന്നു. ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രംഗത്തെത്തിയത്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഹോമിനെ പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ പ്രതിഷേധമില്ലെന്നായിരുന്നു സംവിധായകന് റോജിന്‍ തോമസിന്റെ പ്രതികരണം. എന്തുകൊണ്ടാണ് അവാർഡ് നൽകാതിരുന്നതെന്നു പറയാത്തതിൽ വിഷമമുണ്ടെന്നും ജനം നൽകിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരമെന്നുമാണ് റോജിന്‍ പറഞ്ഞത്.
'ഹോം' സിനിമയുടെ നിർമാതാവ് പീഡനക്കേസിൽപെട്ട വിവരം താൻ അറിയുന്നത് ഇപ്പോൾ ആണെന്നും ആ വിവാദം സംസ്ഥാന സിനിമ അവാർഡ് നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നുമാണ് ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസയുടെ വിശദീകരണം. മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോർജും അവതരിപ്പിച്ചത് എന്നാണ് മിർസ പറയുന്നത്.
മികച്ച രണ്ടാമത്തെ നടിയാകേണ്ടിയിരുന്നത് മഞ്ജു പിള്ളയാണെന്നും എന്തുകൊണ്ട് മഞ്ജു തഴയപ്പെട്ടു എന്നുള്ളത് അത്ഭുതപ്പെടുത്തുന്നുവെന്നും സംവിധായകന് എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോജിന്‍ തോമസ് ഒരുക്കിയ ചിത്രമാണ് ഹോം. ഒടിടിയിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇന്ദ്രന്സിന്റെയും മഞ്ജു പിള്ളയുടെയും മിന്നുന്ന പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.