'മദ്യപിച്ച് ലക്കുകെട്ടും മയക്കുമരുന്നിന്റെ ലഹരിയിലും എന്റെ കാറിൽ കാണിച്ചത് ഞാൻ തുറന്നുപറയും'-കങ്കണയ്ക്കെതിരെ ഗായകൻ ജസ്ബീർ ജാസി
|പഞ്ചാബിനെതിരെ അധിക്ഷേപം തുടര്ന്നാല് കഥകളെല്ലാം തുറന്നുപറയുമെന്നും ഗായകന് മുന്നറിയിപ്പ് നല്കി
ചണ്ഡിഗഢ്: പഞ്ചാബുകാരെ അധിക്ഷേപിച്ചുള്ള പരാമർശത്തിനു പിന്നാലെ ബിജെപി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തനെതിരെ ഗുരുതര ആരോപണവുമായി ഗായകൻ ജസ്ബീർ ജാസി. മദ്യപിച്ച് ലക്കുകെട്ടും മയക്കുമരുന്നിന്റെ ലഹരിയിലും മുൻപ് തന്റെ കാറിൽ കാണിച്ചത് താൻ തുറന്നുപറയുമെന്ന് ഗായകൻ പറഞ്ഞു. ഇനിയും പഞ്ചാബിനെ അധിക്ഷേപിക്കുന്നതു തുടരുകയാണെങ്കിൽ കങ്കണയെ തുറന്നുകാണിക്കുമെന്നും ജസ്ബീർ മുന്നറിയിപ്പ് നൽകി.
ഹിമാചൽപ്രദേശിൽ വർധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരിക്കും മദ്യാസക്തിക്കും കാരണം പഞ്ചാബുകാരാണെന്നായിരുന്നു കങ്കണയുടെ ആരോപണം. ഹിമാചലിൽ നടന്ന ഒരു പരിപാടിയിലായിരുന്നു നടിയുടെ വിമർശനം. അയൽസംസ്ഥാനമായ പഞ്ചാബിൽ യുവാക്കളെല്ലാം ലഹരിക്കും മയക്കുമരുന്നിനും അടിമയാണ്. ഹിമാചലിൽ അതല്ല സ്ഥിതി. ഇപ്പോൾ ഹിമാചലിലും പഞ്ചാബി സ്വാധീനം ശക്തമാകുന്നുണ്ട്. അവരുടെ സ്വാധീനത്തിൽ അകപ്പെടാതെ നോക്കണമെന്ന് ഹിമാചൽ യുവാക്കളോട് കങ്കണ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഈ അഭിപ്രായപ്രകടനത്തിനു പിന്നാലെയാണ് ഗായകൻ ജസ്ബീർ ജാസി രംഗത്തെത്തിയത്. പഞ്ചാബിനെതിരെ ഒരു നിയന്ത്രണവുമില്ലാതെ അധിക്ഷേപം തുടരുന്നതുകൊണ്ടാണ് താൻ ഇപ്പോൾ തുറന്നുപറയാൻ നിർബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. ''ഒരിക്കൽ ഡൽഹിയിൽ വച്ച് കങ്കണ മദ്യപിച്ച് മറ്റൊരു സ്ത്രീ സുഹൃത്തിനൊപ്പം എന്റെ കാറിൽ കയറി. അമിതമായി മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതിനാൽ അവൾക്ക് സ്വയം നിയന്ത്രിക്കാനാകുന്നുണ്ടായിരുന്നില്ല. പഞ്ചാബിനെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതു നിർത്തിയില്ലെങ്കിൽ അവളുടെ കഥകളെല്ലാം ഞാൻ തുറന്നുപറയും''-ജസ്ബീർ ജാസി മുന്നറിയിപ്പ് നൽകി.
ഒരു സ്ത്രീയെയും പൊതുമധ്യത്തിൽ പേരെടുത്ത് അപമാനിക്കാനും അപകീർത്തിപ്പെടുത്താനും തനിക്കു താൽപര്യമില്ലെന്നും അദ്ദേഹം തുടർന്നു. എന്നാൽ, കങ്കണയുടെ പഞ്ചാബിനെ കുറിച്ചുള്ള അധിക്ഷേപങ്ങൾ പരിധിവിടുകയാണ്. എന്തെങ്കിലും നടപടികൾ ഉണ്ടായേ തീരൂ.. കങ്കണയെ ആരും കാര്യമായി എടുക്കരുത്. മാനസികമായി നല്ല നിലയിലല്ല അവർ. ഇത്തരം വിഡ്ഢികൾ പാർലമെന്റിൽ ചെന്നിരുന്ന് നമ്മുടെ ഭാവിയെ കുറിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ രാജ്യത്തിനു തന്നെ വലിയ ഭീഷണിയാണെന്നും ജസ്ബീർ ജാസി വിമർശിച്ചു.
ഹെറോയിനും ചരസും ഉൾപ്പെടെയുള്ള മയക്കുമരുന്നും ലഹരി വസ്തുക്കളും ഹിമാചൽ പ്രദേശിലേക്ക് എത്തുന്നത് അയൽസംസ്ഥാനത്തുനിന്നാണെന്നും പഞ്ചാബിനെ ലക്ഷ്യമിട്ട് കങ്കണ ആരോപിച്ചിരുന്നു. ബൈക്കിൽ കറങ്ങിനടക്കുന്ന യുവാക്കളെയാണ് ഇതു നശിപ്പിക്കുന്നതെന്നും സൂചിപ്പിച്ച അവർ അതിർത്തിവഴിയുള്ള ലഹരിക്കടത്ത് തടയാൻ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ അകലമുണ്ടാക്കുന്ന തരത്തിലൊരു വിഭജനം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണു താനെന്നും വെളിപ്പെടുത്തിയിരുന്നു.
കങ്കണയുടെ പരാമർശത്തിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. വസ്തുതകൾ മറച്ചുവച്ച് പഞ്ചാബികൾക്കെതിരെ അധിക്ഷേപം തുടരുകയാണ് കങ്കണയെന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവും പാർലമെന്റ് അംഗവുമായ മൽവീന്ദർ സിങ് കാങ് വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലഹരിക്കടത്ത് ശക്തമാണ്. ഇതിനെ തടയുന്ന കാര്യത്തിൽ ഒന്നും ചെയ്യാനാകാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. നാടകം നിർത്തി, സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കാൻ വേണ്ടി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ഉറച്ച നടപടി സ്വീകരിക്കാൻ ബിജെപി തയാറാകണമെന്നും മൽവീന്ദർ സിങ് ആവശ്യപ്പെട്ടു.
അതേസമയം, കങ്കണയുടെ പുതിയ ചിത്രം 'എമർജൻസി'ക്കെതിരെ വിമർശനവുമായി സിഖ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സമുദായത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നുണ്ടെന്ന് സംഘടനകൾ ആരോപിച്ചു. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് ബിജെപി എംപി എത്തുന്നത്. സെപ്റ്റംബറിൽ തിയറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനു പക്ഷേ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇതേ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനന്തമായി നീളുകയാണ്.
സെൻസർ ബോർഡ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. നിർമാതാക്കളായ സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, നിർദേശിച്ച ഭാഗങ്ങൾ നീക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്താൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി. വേണ്ട തിരുത്തുകൾ വരുത്താൻ ഒരു മാസം നീട്ടിചോദിച്ചിരിക്കുകയാണിപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇതോടെ കേസ് കോടതി തീർപ്പാക്കുകയും ചെയ്തു. പുതിയ എഡിറ്റിങ് കഴിഞ്ഞ് ചിത്രം എന്ന് റിലീസിനു സജ്ജമാകുമെന്നു വ്യക്തമല്ല.
Summary: 'She got drunk in my car': Punjabi singer Jasbir Jassi makes explosive revelation about Kangana Ranaut over Punjab remarks