Entertainment
ബോക്സോഫീസില്‍ മൂക്കും കുത്തി വീണ് വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട്  വിതരണക്കാർ
Entertainment

ബോക്സോഫീസില്‍ മൂക്കും കുത്തി വീണ് വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ

Web Desk
|
31 Aug 2022 5:36 AM GMT

റിലീസിനു മുന്‍പ് നിര്‍മാതാക്കള്‍ ലാഭം നേടിയെങ്കിലും വിതരണക്കാരാണ് കഷ്ടത്തിലായത്

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍. എന്നാല്‍ ബോക്സോഫീസില്‍ മൂക്കും കുത്തി വീഴാനായിരുന്നു ലൈഗറിന്‍റെ വിധി. വാരാന്ത്യത്തില്‍ പോലും നേട്ടമുണ്ടാക്കാന്‍ ലൈഗറിന് കഴിഞ്ഞില്ല. റിലീസിനു മുന്‍പ് നിര്‍മാതാക്കള്‍ ലാഭം നേടിയെങ്കിലും വിതരണക്കാരാണ് കഷ്ടത്തിലായത്.

സംവിധായകന്‍ പുരി ജഗന്നാഥനും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിസാഗ് ഭാഗത്ത് ദില്‍ രാജുവായിരുന്നു ചിത്രം വിതരണം ചെയ്തത്. ലൈഗറിലൂടെ നാലു കോടി രൂപയോളം നഷ്ടം വന്നുവെന്നാണ് രാജു പറയുന്നത്. ദിൽ രാജുവും എൻ.വി പ്രസാദും അടുത്തിടെ പുരി ജഗന്നാഥിനെ കണ്ട് നിലവിലെ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനായി സംവിധായകനെ കാണാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ വിതരണക്കാരും. വിതരണക്കാർക്കുള്ള നഷ്ടം തിരികെ നൽകുമെന്ന് പുരി ജഗന്നാഥ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഈയാഴ്ച യോഗം ചേരും .പുരി ലാഭം വെട്ടിക്കുറച്ച് തുക വിതരണക്കാർക്ക് തിരികെ നൽകേണ്ടിവരും.

ആഗസ്ത് 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ലൈഗര്‍. അഞ്ചു ഭാഷകളിലായി എത്തിയ ചിത്രം പക്ഷേ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. 3000 സ്ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മുന്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.

Similar Posts