മോഹൻലാലിന് പകരം ഷാരൂഖ് ഖാന് ദേശീയ പുരസ്‌കാരം നൽകാൻ പ്രേരിപ്പിച്ചു: സിബി മലയില്‍
|ഗായിക സുജാത മോഹന് ലഭിക്കേണ്ട ദേശീയപുരസ്‌കാരമാണ് ശ്രേയ ഘോഷാലിന് കിട്ടിയതെന്ന് സിബി മലയിൽ നേരത്തേ പറഞ്ഞിരുന്നു
മോഹൻലാലിന് പകരം ഷാരൂഖ് ഖാന് ദേശീയ പുരസ്‌കാരം നൽകാൻ പ്രേരിപ്പിച്ചുവെന്ന് സംവിധായകൻ സിബി മലയിൽ. 2009ൽ നടന്ന സംഭവമാണ് ജൂറി ചെയർമാൻ കൂടിയായ സിബി മലയിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കലയും കാലവും എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മാത്രമല്ല പി.ടി കുഞ്ഞുമുഹമ്മദിന്റെ ചിത്രമായ പരദേശിയെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
അഭിനേതാവായി മോഹൻലാൽ, സംവിധാനം- പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചന- റഫീക്ക് അഹമ്മദ്, ആലാപനം- സുജാത എന്നിങ്ങനെ പുരസ്‌കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്‌കാരം മാത്രമാണ് ചിത്രത്തിന് ലഭിച്ചത് ലഭിച്ചത്. അന്ന് മോഹൻലാലിന് പകരം മികച്ച നടനുള്ള അവാർഡ് ഷാറുഖ് ഖാന് കൊടുത്തൂടെയെന്ന് ജൂറി ചെയർമാൻ ചോദിച്ചിരുന്നു. അപ്പോൾ അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നാണ് ചെയർമാൻ പറഞ്ഞത്'-സിബി മലയിൽ വെളിപ്പെടുത്തി.
ഗായിക സുജാത മോഹന് ലഭിക്കേണ്ട ദേശീയപുരസ്‌കാരമാണ് ശ്രേയ ഘോഷാലിന് കിട്ടിയതെന്ന് സിബി മലയിൽ നേരത്തേ പറഞ്ഞിരുന്നു. 2007 -ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രത്തിൽ സുജാത ആലപിച്ച 'തട്ടം പിടിച്ചു വലിക്കല്ലേ' എന്ന പാട്ട് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ഫെസ്റ്റിവൽ ഡയറക്ടറുടെ ഇടപെടൽ കാരണം അത് ശ്രേയാ ഘോഷാലിലേക്കെത്തിയെന്നുമാണ് സിബി മലയിൽ വ്യക്തമാക്കിയത്. 'പി.ടി കലയും കാലവും' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു സിബി മലയിലിന്റെ വെളിപ്പെടുത്തൽ.
' 55 മത് ദേശീയപുരസ്‌കാര നിർണ്ണയ ജൂറിയിൽ ഞാനും ഛായാഗ്രാഹകൻ സണ്ണി ജോസഫും ഉണ്ടായിരുന്നു. പരദേശി ചിത്രത്തിന് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം കിട്ടുമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ഇതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതക്ക് മികച്ച ഗായികക്കുള്ള പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ഇതിൽ ഇടപ്പെട്ടു. സുജാതക്കാണ് പുരസ്‌കാരം എന്ന് അറിഞ്ഞപ്പോൾ ജബ് വി മെറ്റിലെ ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന്റെ വിഡിയോ കാസെറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച്, പുരസ്‌കാരം തിരുത്തി. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്'- സിബി മലയിൽ പറഞ്ഞു. മൂന്ന് തവണ കേരള സർക്കാരിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരവും തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായികക്കുള്ള പുര്സകാരവും നേടിയ ഗായികയാണ് സുജാത മോഹൻ. ശ്രേയ ഘോഷാലിന് അഞ്ച് തവണയാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.