'83യും പുഷ്പയും നേരിട്ട് ഏറ്റുമുട്ടില്ല; അല്ലുവിന്റെ വില്ലനായി ഫഹദ് ഡിസംബറിലെത്തും
|രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് സിനിമയില്‍ എത്തുന്നത്
അല്ലു അര്ജുന്, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 17ന് തിയേറ്ററിലൂടെ റിലീസിനെത്തും. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഡിസംബറില്‍ റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അല്ലു അര്‍ജുന്റെ ഹിറ്റ് സിനിമയായ ആര്യയുടെ സംവിധായകന് സുകുമാറാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ കഥപറയുന്ന റണ്വീര് സിങിന്റെ '83 ഡിസംബര്‍ 23ന് റിലീസ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇരു പ്രോജക്ടുകളും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായതുകൊണ്ടുതന്നെ ഒരാഴ്ച മുമ്പേ പുഷ്പ റിലീസിനെത്താന്‍ തീരുമാനിക്കുകയായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് '83. കബീര്‍ ഖാന് സംവിധാന ചെയ്യുന്ന ചിത്രത്തില്‍ റണ്വീര് സിങ്, ദീപിക പദുകോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇന്ത്യന്‍ നായകന് കപില്‍ ദേവിന്റെ വേഷത്തിലാണ് റണ്വീര് സിനിമയിലെത്തുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നിരവധി തവണം മാറ്റിവെച്ചതാണ്.