റഷ്യയിലും ഫയറായി പുഷ്പ; നേടിയത് 13 കോടി
|25 ദിവസം കൊണ്ടാണ് പത്ത് മില്യൺ റുബിൾ ചിത്രം നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് പുഷ്പ റഷ്യൻ ഭാഷ്യയിലേക്ക് മൊഴി മാറ്റിയെത്തിയത്
റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും അല്ലു അർജുൻ ചിത്രം പുഷ്പ തീർത്ത ഓളം അടങ്ങിയിട്ടില്ല. ഇപ്പോഴിതാ റഷ്യയിലും വിജയം അവർത്തിച്ചിരിക്കുകയാണ് പുഷ്പ ദി റൈസ്. പത്ത് മില്യൺ റുബിളാണ് (ഏകദേശം 13 കോടി രൂപ) ചിത്രം റഷ്യയിൽ നേടിയത്. 25 ദിവസം കൊണ്ടാണ് പത്ത് മില്യൺ റുബിൾ ചിത്രം നേടിയത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് പുഷ്പ റഷ്യൻ ഭാഷ്യയിലേക്ക് മൊഴി മാറ്റിയെത്തിയത്. രാജ്യത്തൊട്ടാകെ 774 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം. മൈത്രി മൂവി മേക്കേർസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഡിസംബർ 1ന് മോസ്‌കോയിൽ പ്രീമിയർ പ്രദർശനം നടന്നിരുന്നു. ഡിസംബർ 3ന് സെൻറ് പീറ്റേഴ്‌സ്ബർഗിൽ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രത്തിൻറെ പ്രത്യേക പ്രീമിയർ നടന്നു.
തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായിരുന്നു നേരത്തെ പുഷ്പ പുറത്തിറങ്ങിയത്. അടുത്തിടെ നടന്ന 67-ാമത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ഏഴ് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. നേരത്തെ പുഷ്പ രണ്ടാം ഭാഗത്തിൻറെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫർ നിർമാതാക്കൾ നിരസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു്. കഴിഞ്ഞ ഡിസംബർ 29 ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.
രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുനും ഫഹദ് ഫാസിലും പുഷ്പയിൽ എത്തിയത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻറെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസ് ആണ്.