Entertainment
പുഴ മുതല്‍ പുഴ വരെ: രാമസിംഹന്‍റെ സിനിമ രണ്ടാമതും പുനഃപരിശോധനക്കയച്ചത്​ ഹൈക്കോടതി റദ്ദാക്കി
Entertainment

'പുഴ മുതല്‍ പുഴ വരെ': രാമസിംഹന്‍റെ സിനിമ രണ്ടാമതും പുനഃപരിശോധനക്കയച്ചത്​ ഹൈക്കോടതി റദ്ദാക്കി

Web Desk
|
27 Dec 2022 4:21 PM GMT

'പുഴ മുതല്‍ പുഴ വരെ' സിനിമക്ക് 12 മാറ്റങ്ങൾ വേണമെന്നാണ്​ രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്

മലബാര്‍ സമരം പ്രമേയമാക്കി രാമസിംഹന്‍ എന്ന അലി അക്ബര്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ സിനിമ രണ്ടാമതും പുനഃപരിശോധനാ സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. 'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് ഏഴ് മാറ്റത്തോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന ആദ്യ പുനഃപരിശോധനാ സമിതിയുടെ ശിപാര്‍ശ നിലനില്‍ക്കെ വീണ്ടും സമിതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് രാമസിംഹന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്. സിനിമാട്ടോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് ചെയര്‍മാന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

ആദ്യ ശിപാർശ അംഗീകരിക്കുകയോ യോജിപ്പില്ലെങ്കിൽ വിഷയം സെൻസർ ബോർഡിന്‍റെ പരിഗണനക്ക്​ വിടുകയോ ചെയ്യേണ്ടതിന്​ പകരം രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനക്ക്​ വിടാൻ ചെയർമാന് അധികാരമില്ലെന്നായിരുന്നു രാമസിംഹന്‍റെ വാദം. മറ്റൊരു സമിതി സിനിമ കാണേണ്ടതുണ്ടെങ്കിൽ തീരുമാനമെടുക്കേണ്ടത്​ ബോർഡാണ്​. ചിത്രം ആദ്യം കണ്ട സമിതി പ്രദർശനാനുമതി നൽകേണ്ടതില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്. തുടർന്നാണ്​ എട്ടംഗ പുനഃപരിശോധന സമിതിക്ക്​ വിട്ടത്. ഏഴ് മാറ്റത്തോടെ പ്രദർശനാനുമതി നൽകാമെന്ന നിലപാടാണ്​ അഞ്ചംഗങ്ങൾ സ്വീകരിച്ചത്​. ഈ ശിപാർശ തള്ളിയാണ്​ പുതിയ സമിതിയുടെ പരിശോധനക്ക്​ അയച്ചത്. 12 മാറ്റങ്ങൾ വേണമെന്നാണ്​ രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്. ഇത് സിനിമയെ തന്നെ ബാധിക്കുമെന്നും ഹരജിക്കാരൻ വാദിച്ചു. ആദ്യ സമിതിയിൽ ചരിത്ര പണ്ഡിതനുണ്ടായിരുന്നെങ്കിൽ രണ്ടാമത് രൂപവത്​കരിച്ച സമിതിയിൽ അത്തരത്തിലുള്ള വിദഗ്ധ​രില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബര്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കിയത്. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ലഭിച്ചിരുന്നത്.'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകന്‍ അലി അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Similar Posts