Entertainment
മകൾക്ക് നൽകിയത് വിലപ്പെട്ട വിവാഹ സമ്മാനം; എം.കെ സ്റ്റാലിന് നന്ദിയറിയിച്ച് റഹ്‌മാൻ
Entertainment

മകൾക്ക് നൽകിയത് വിലപ്പെട്ട വിവാഹ സമ്മാനം; എം.കെ സ്റ്റാലിന് നന്ദിയറിയിച്ച് റഹ്‌മാൻ

Web Desk
|
18 Dec 2021 11:35 AM GMT

മുഖ്യമന്ത്രിയുടെ സാന്നിധ്യം ദമ്പതികൾക്ക് വലിയ അനുഗ്രഹമായെന്നും റഹ്‌മാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു

മകളുടെ വിവാഹ വേദിയില്‍ അപ്രതീക്ഷിതമായെത്തി നവദമ്പതികളെ അനുഗ്രഹിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നന്ദിയറിയിച്ച് നടന്‍ റഹ്മാന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിക്കും ഒപ്പമെത്തിയവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നതായി റഹ്മാന്‍ അറിയിച്ചത്.

"ഡിസംബര്‍ ഒമ്പത്, എന്‍റെ മകളുടെ വിവാഹ ദിവസം എനിക്കേറെ പ്രത്യേകതയുള്ള ദിനമായിരുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ അന്ന് ചെന്നൈയിൽ നിന്ന് പുറത്തായിരുന്നുവെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. എന്നിട്ടും എന്‍റെ ക്ഷണം സ്വീകരിച്ചെത്തുകയും വിവാഹവേളയെ കൂടുതല്‍ അലങ്കൃതമാക്കുകയും ചെയ്തു. നിങ്ങളുടെ സാന്നിധ്യം ദമ്പതികൾക്ക് ഒരു വലിയ അനുഗ്രഹവും നിങ്ങളുടെ സ്നേഹവും വാത്സല്യവും അടുത്തറിയാനുള്ള അവസരവുമായിരുന്നു," റഹ്മാന്‍ കുറിച്ചു.

നവദമ്പതികൾക്ക് ഏറെ പ്രത്യേതകളുള്ള സമ്മാനമാണ് സ്റ്റാലിന്‍ നല്‍കിയത്. രണ്ട് ബാസ്‌ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകള്‍. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പമുണ്ടായിരുന്നു. സ്റ്റാലിനൊപ്പമുള്ള ചിത്രങ്ങളും വിവാഹ സമ്മാനവുമെല്ലാം റഹ്മാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ചെന്നൈയിൽ ഹോട്ടൽ ലീല പാലസില്‍ വച്ചായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. എ. ആർ. റഹ്മാൻ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.

Related Tags :
Similar Posts