കന്നഡയില്‍ നവതരംഗം തീര്‍ത്ത രാജ് ബി ഷെട്ടി മലയാളത്തിലേക്ക്; മത്സരിച്ച് അഭിനയിക്കാന്‍ അപര്‍ണയും
|നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്റര്‍ പുറത്ത്
പ്രമേയത്തിലും പ്രകടനത്തിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
രാജ് ബി ഷെട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്ററില്‍ ഒരു കാറും പട്ടിക്കുട്ടിയും പെണ്‍കുട്ടിയുമാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍ പെടുക. ഒരു പുരുഷന്റെ അവ്യക്തമായ രൂപവും പോസ്റ്ററിലുണ്ട്. വീണ്ടും നോക്കുമ്പോള്‍ പുതിയ കാഴ്ചകള്‍ തെളിഞ്ഞ് വരുംവിധം പലതും ഒളിപ്പിച്ചിട്ടുണ്ട് പോസ്റ്ററില്‍.
രാജ് ബി ഷെട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നാണ് അപര്‍ണ പോസ്റ്റര്‍ പങ്കുവെച്ചു കുറിച്ചത്. ഇതിന് മറുപടിയായി അപര്‍ണയോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചതില്‍ താനും സന്തോഷത്തിലാണെന്ന് രാജ് ബി ഷെട്ടിയും പറഞ്ഞു.
ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പേരെടുത്ത താരമാണ് രാജ് ബി ഷെട്ടി. സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി ഷെട്ടി.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ് ലാലനാണ് രുധിരം നിര്‍മിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ ജിഷോ ലോണ്‍ ആന്‍റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്- ശ്യാം കാര്‍ത്തികേയന്‍, പോസ്റ്റര്‍ ഡിസൈന്‍, കഥ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്- ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റിയൂം- ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍- ആനന്ദ് ശങ്കര്‍, ആക്ഷന്‍- റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍- എം.എസ് അരുണ്‍, ലൈന്‍ പ്രൊഡ്യൂസര്‍- അവീന ഫിലിംസ്, പി.ആര്‍.ഒ- എ.എസ്. ദിനേഷ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍.