Entertainment
രാജീവ് രവി - നിവിന്‍ പോളി ചിത്രം തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലേക്ക്
Entertainment

രാജീവ് രവി - നിവിന്‍ പോളി ചിത്രം തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലേക്ക്

Web Desk
|
13 May 2022 1:53 PM GMT

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്

കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ജൂൺ 3ന് തിയേറ്ററുകളിലെത്തും. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്‍ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്‍ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും ചെറുത്തുനിൽപിനും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം.

ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം. ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് ബി അജിത്കുമാർ. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം സമീറ സനീഷ്.

Similar Posts