Entertainment
എന്റെ ഹൃദയം വേദനിക്കുന്നു, തിരിച്ചുവരുമെന്ന് വിചാരിച്ചു; ക്യാപ്റ്റന്‍റെ വിയോഗത്തില്‍ വിതുമ്പി തലൈവര്‍
Entertainment

'എന്റെ ഹൃദയം വേദനിക്കുന്നു, തിരിച്ചുവരുമെന്ന് വിചാരിച്ചു'; ക്യാപ്റ്റന്‍റെ വിയോഗത്തില്‍ വിതുമ്പി തലൈവര്‍

Web Desk
|
29 Dec 2023 7:46 AM GMT

വ്യാഴാഴ്ച തൂത്തുക്കുടി വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് രജനി വിതുമ്പിയത്

പ്രിയപ്പെട്ട ക്യാപ്റ്റനെ അവസാനമായി ഒന്നു കാണാൻ നടൻ രജനികാന്ത് എത്തി. വെള്ളിയാഴ്ച ഡി.എം.ഡി.കെ ഓഫീസിലെത്തിയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ ആശ്വസിപ്പിച്ചതിന് ശേഷമാണ് തലൈവർ മടങ്ങിയത്. പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞതിന്റെ വേദന രജനിയുടെ മുഖത്ത് പ്രകടമായിരുന്നു.

വളരെ വൈകാരികമായാണ് രജനി വിജയകാന്തിന്റെ വിയോഗത്തോട് പ്രതികരിച്ചത്. വ്യാഴാഴ്ച തൂത്തുക്കുടി വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് രജനി വിതുമ്പിയത്. 'എന്റെ ഹൃദയം വേദനിക്കുന്നു, വിജയകാന്ത് ഏറെ ഇച്ഛാശക്തിയുള്ള ആളായിരുന്നു. ഡി.എം.ഡി.കെയുടെ ജനറൽ ബോഡി യോഗത്തിൽവെച്ചാണ് അവസാനമായി കണ്ടത്. തിരിച്ചുവരുമെന്ന് വിചാരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജനങ്ങൾക്ക് വലിയ നഷ്ടമാണ്. ഒരുപാട് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ വിയോഗം വലുതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'- അദ്ദേഹം പറഞ്ഞു.



അന്തരിച്ച വിജയകാന്തിൻറെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ പുലർച്ചെ ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിൻറെ അന്ത്യം. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജർ' എന്നും 'ക്യാപ്റ്റൻ' എന്നുമാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.


ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി. 2005-ലാണ് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി വിജയകാന്ത് രൂപീകരിച്ചത്. 2006-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽനിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

Similar Posts