Entertainment
കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ ഉണ്ടാകൂ; ഋഷഭ് ഷെട്ടിക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ച് രജനീകാന്ത്
Entertainment

കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ ഉണ്ടാകൂ; ഋഷഭ് ഷെട്ടിക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ച് രജനീകാന്ത്

Web Desk
|
17 Nov 2022 2:52 AM GMT

ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തലൈവരുടെ സമ്മാനത്തെക്കുറിച്ച് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

ചെന്നൈ: കാന്താര എന്ന കന്നഡ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം കാന്താരയെ അഭിനന്ദിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.

കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനി പറഞ്ഞത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തലൈവരുടെ സമ്മാനത്തെക്കുറിച്ച് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ പീസ് എന്നായിരുന്നു കാന്താരയെ സ്റ്റൈല്‍ മന്നന്‍ നേരത്തെ വിശേഷിപ്പിച്ചത്. " അജ്ഞാതമായത് അറിയാവുന്നതിനെക്കാൾ കൂടുതലാണ്... ഹോംബാലെ ഫിലിംസിന്‍റെ 'കാന്താര'യേക്കാൾ നന്നായി സിനിമയിൽ ഇത് പറയാൻ മറ്റാർക്കും കഴിയുമായിരുന്നില്ല. എഴുത്തുകാരൻ, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ഋഷഭ് താങ്കൾക്ക് ഞാൻ ആശംസകൾ നേരുന്നു. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ " എന്നാണ് രജനി ട്വിറ്ററിൽ കുറിച്ചത്.

തുടര്‍ന്ന് രജനിയെ വീട്ടിലെത്തി കണ്ടിരുന്നു ഋഷഭ്. 'നിങ്ങള്‍ ഒരിക്കല്‍ പ്രശംസിച്ചാല്‍ അതു 100 തവണ പ്രശംസിച്ചതിന് തുല്യമാണ് രജനീകാന്ത് സര്‍, ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ സിനിമ കാണുകയും ഞങ്ങളുടെ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു..നന്ദി'' ഋഷഭ് കുറിച്ചു.

2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര. കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ ഏഴാമതാണ് കാന്താര. ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Similar Posts