ട്രോളി ട്രോളി കാര്യമായി, ആദിപുരുഷിന് പിന്നാലെ രാമാനന്ദ് സാഗറിന്റെ 'രാമായണ്' സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യും
|1987-88 വര്‍ഷങ്ങളിലായി 78 എപ്പിസോഡുകളിലായാണ് 'രാമായണ്' സംപ്രേഷണം ചെയ്തത്
മുംബൈ: പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ ട്രോളുകളുടെ പെരുമഴയാണ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയത് മുതല്‍ തുടങ്ങിയ ട്രോളുകളും വിമര്‍ശനങ്ങളും തിയേറ്ററുകളില്‍ റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും പേമാരിയായി പെയ്തൊഴിയുകയാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങള്‍ കാണുന്നതെന്ന് നിര്‍മാതാക്കളോട് കോടതി ചോദിച്ചു. സിനിമയിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി. ആദ്യ ദിനങ്ങളില്‍ വമ്പിച്ച കളക്ഷന്‍ നേടിയ ഈ ബിഗ് ബജറ്റ് സിനിമ പിന്നീട് ബോക്സ്ഓഫീസിലും പരാജയമാകുകയായിരുന്നു.
എന്നാലിപ്പോള്‍ ആദിപുരുഷിന്റെ പരാജയം മുതലെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹിന്ദി വിനോദ ചാനലായ ഷെമാറൂ ടി.വി. രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത പ്രശസ്ത ടി.വി ഷോയായ 'രാമായണ്' വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷെമാറൂ ടി.വി. വരുന്ന ജൂലൈ മൂന്ന് മുതലാണ് ചാനലില്‍ പുരാണ കഥയായ രാമായണ് പുനര്‍ സംപ്രേഷണം ചെയ്യുന്നത്.
ആദിപുരുഷ് റിലീസ് ചെയ്തത് മുതല്‍ രാമാനന്ദ് സാഗറിന്റെ രാമായണ സീരിയലുമായി ബന്ധപ്പെടുത്തി ട്രോളുകള്‍ വരുന്നുണ്ട്. ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്.
1987-88 വര്‍ഷങ്ങളിലായി 78 എപ്പിസോഡുകളിലായാണ് രാമായണ് സംപ്രേഷണം ചെയ്തത്. ബോളിവുഡ് താരങ്ങളായ അരുണ്‍ ഗോവില്‍ രാമനായും, ദീപികാ ചിഖില സീതയായും അഭിനയിച്ച ഷോയില്‍ മറ്റൊരു ബോളിവുഡ് താരമായ സുനില്‍ ലാഹ്രിയാണ് ലക്ഷ്മണനായി വേഷമിട്ടത്.