ടൊവിനോക്ക് കിട്ടിയത് നല്ല ആണത്തമുള്ള ശില്പമെന്ന് പിഷാരടി; അലന്‍സിയറിന് തൃപ്തിയായോ എന്ന് സോഷ്യല്‍ മീഡിയ
|മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം നേടിയ ടൊവിനോ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് പിഷാരടിയുടെ കമന്റ്
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. താരത്തിന്റെ വിചിത്രമായ വാദത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമണ് നേരിട്ടത്. ഇപ്പോഴിതാ അതിന് ഒരു ട്രോളിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ രമേശ് പിഷാരടി. മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം നേടിയ ടൊവിനോ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് പിഷാരടിയുടെ കമന്റ്. നല്ല ആണത്തമുള്ള ശിൽപം എന്നായിരുന്നു പിഷാരടിയുടെ കമന്റ്.
നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ച വിവരം ടൊവിനോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്‌കാരം വരുന്നത്. ഒപ്പം തെന്നിന്ത്യയിലെ ഒരു നടനും ഈ പുരസ്‌കാരം ആദ്യമായാണ് ലഭിക്കുന്നത്.
'നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേൽക്കുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ കേരളീയർ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്...എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും...', - എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.
അതേസമയം, ടൊവിനോ നായകനായി എത്തിയ മലയാളം ചിത്രം 2018ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.