Entertainment
Ramesh Pisharody, Brahmapuram Fire, Kochi, രമേശ് പിഷാരടി, കൊച്ചി, ബ്രഹ്മപുരം തീപിടിത്തം
Entertainment

ചുമച്ചും ശ്വാസം മുട്ടിയും ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപം: രമേഷ് പിഷാരടി

Web Desk
|
11 March 2023 11:07 AM GMT

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തുവന്നത്

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തുവന്നത്. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

അതേ സമയം ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. പുക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.

അതിനിടെ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന ഉറപ്പ് കൊച്ചി കോർപ്പറേഷൻ ലംഘിച്ചു. അൻപതോളം ലോറികളാണ് മാലിന്യവുമായി ഇന്നലെ അർധരാത്രി ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇന്നു രാവിലെയും മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ലോറികളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കില്ല എന്നായിരുന്നു സർക്കാറിന്‍റെ ഉറപ്പ്. കോർപ്പറേഷനും ഇക്കാര്യം ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

Similar Posts