"ഡാ ഞാൻ അനുവിനെ കൂട്ടിക്കൊണ്ടു വന്നു. ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്‍റെ വിവാഹം''
|അന്നും ഇന്നും അത് അവന്‍റെ ജീവിതമാണ്.. അവന്‍റെ തീരുമാനവും സന്തോഷവും ആണ്
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപരമായി വിവാഹം കഴിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ഭാര്യ അനൂജക്കും ആശംസകളുമായി നടനും ഉറ്റസുഹൃത്തുമായ രമേശ് പിഷാരടി. ഹൃദയസ്പര്‍ശിയായ കുറിപ്പാണ് രമേശ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേഷത്തില്‍ രണ്ടുപേരും ഗംഭീരമായെന്നും ധര്‍മജന്‍റെ സന്തോഷങ്ങള്‍ തന്‍റേത് കൂടിയാണെന്നും രമേശ് കുറിച്ചു.
രമേശ് പിഷാരടിയുടെ കുറിപ്പ്
"ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു " ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്‍റെ വിവാഹം.. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ ഗംഭീരമായി...അന്നും ഇന്നും അത് അവന്‍റെ ജീവിതമാണ്.. അവന്‍റെ തീരുമാനവും സന്തോഷവും ആണ്... അവന്‍റെ സന്തോഷങ്ങൾ എന്‍റേതും കൂടെയാണ്.
കഴിഞ്ഞ ദിവസം ധര്‍മജന്‍ തന്നെയാണ് തന്‍റെ വിവാഹവാര്‍ത്തയെക്കുറിച്ച് ആരാധകരെ അറിയിക്കുന്നത്. 'എന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വർഷങ്ങൾക്ക് മുൻപ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി’- ധർമജൻ പറഞ്ഞു. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും.