Entertainment
മനം കവരുന്ന നിലാവൊളി രാവ്; റംല ബീഗം- മാപ്പിളപ്പാട്ടിന്റെ മഹാറാണി
Entertainment

'മനം കവരുന്ന നിലാവൊളി രാവ്'; റംല ബീഗം- മാപ്പിളപ്പാട്ടിന്റെ മഹാറാണി

Web Desk
|
27 Sep 2023 12:47 PM GMT

അര നൂറ്റാണ്ടാണ് റംലബീഗമെന്ന കലാകാരി പാടിയും പറഞ്ഞും സജീവമായത്

1953 ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങൾ പാടുകയാണ് ഒരു ഏഴു വയസുകാരി. പാടിക്കഴിഞ്ഞപാടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആരാണ് ഈ കൊച്ചുമിടുക്കി എന്നറിയാനുള്ള ദൃതിയായിരുന്നു പാട്ട് കേട്ടവർക്കെല്ലാം. കൂടിനിന്നവരില്‍ ആരോ വിളിച്ചുപറഞ്ഞു. അത് റംല ബീഗമാണ്. കഥകളുടെ റാണി, പാട്ടുകളുടെ കൂട്ടുകാരി ആലപ്പുഴ റംലാ ബീഗം. മാപ്പിളപ്പാട്ട് ഗാനശാഖയിലും കഥാപ്രസംഗ രംഗത്തും അരനൂറ്റാണ്ട് റാണിയായി വാണു റംല ബീഗം.

അൽഹംദുടയോനമറാലേ.... അഹമദ് നബിയുരുൾമേലെ..., മധു നുകരുന്ന മനോ​ഹര രാവ്.. ഒരുകാലത്ത് ഓഡിയോ കാസറ്റുകളിൽ നിരന്തരം കേട്ടൊരു ശബ്ദം. മാപ്പിളപ്പാട്ട് പ്രേമികള്‍ ഒരു സംശയവുമില്ലാതെ അത് റംലബീ​ഗമാണെന്ന് കേട്ടപ്പാടെ പറഞ്ഞിരുന്നു. കാരണം അത്രയും പരിചിതമായിരുന്നു ആ ശബ്ദം. റംല ബീ​ഗത്തിന്റെ ശബ്​ദത്തിൽ എത്രയെത്ര പാട്ടുകളാണ് കാലവും കടന്ന് സഞ്ചരിച്ചത്.


ആസാദ് മ്യൂസിക് ക്ലബ്ബില്‍ തബല വായിച്ചിരുന്ന അബ്ദുല്‍സലാം റംലാ ബീഗത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാളിയായി. പ്രശസ്ത കാഥികന്‍ വി. സാംബശിവന്റെ ട്രൂപ്പിലേയും തബല വാദകനായിരുന്നു ഗാനരചയിതാവ് കൂടിയായ അബ്ദുല്‍സലാം എന്ന കെ.എ. സലാം. ഇദ്ദേഹം പിന്നീട് റംലാ ബീഗത്തിന്റെ ജീവിതപങ്കാളിയായി. കഥാപ്രസംഗം അവതരിപ്പിക്കുമ്പോള്‍ വിഷയത്തിനു യോജിച്ച സീക്വന്‍സുകള്‍ സൃഷ്ടിക്കുന്നതില്‍ അനിതരസാധാരണമായ പാടവമാണ് റംലബീഗത്തെ വ്യത്യസ്തമാക്കിയത്. അനുകരിക്കാനാളില്ലത്ത തരത്തില്‍ കഥാപ്രസംഗ കലയില്‍ രാജ്ഞിയായി വാഴാനും ഇത് സഹായിച്ചു. കര്‍ബലയും ഹസൈന്റേയും ഹുസൈന്റേയും രണവീര്യംവും. സദസ്യരുടെ മുന്‍പില്‍ മിന്നല്‍പ്രഭ തീർത്തു.

ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് റംല ബീ​ഗത്തിന്റെ ജനനം. ഏഴാം വയസുമുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങൾ പാടിയാണ് തുടങ്ങുന്നത്. എട്ടാം വയസ്സിൽ ആദ്യ കഥാപ്രസം​ഗവുമായി അരങ്ങിലെത്തുന്നു. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്.


മുസ്ലിം കാഥികയുടെ രം​ഗപ്രവേശനം സ്വീകാര്യതയോടപ്പം എതിർപ്പുകളും ക്ഷണിച്ചുവരുത്തി. ആലപ്പുഴക്കാരിയെ പാടാന്‍ വിടില്ല എന്ന ് ആക്രോശിച്ചുകൊണ്ട് സ്റ്റേജിനടുത്തേക്ക് ഒരു കൂട്ടം പാഞ്ഞു വന്നത് അഭിമുഖങ്ങളില്‍ ബീഗം ഓർത്തെടുത്തിരുന്നു. കര്‍ബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമായിരിക്കും ഇവിടെയെന്നായിരുന്നു അവരുടെ ഭീഷണി. ഒന്നുകൊണ്ടും അവർ പതറിയില്ല. പരിപാടി തുടങ്ങി. കഥ തുടങ്ങി ആളുകള്‍ അവിടെ ഇരുന്നു.

മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചതോടെ റംല ബീ​ഗം എന്ന കാഥികയെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് പ്രോ​ഗ്രാമുകൾ. റംലബീ​ഗത്തിന്റെ ​ഗാനമേളക്ക് ജനം തടിച്ചുകൂടി. കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ക്ക് പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.


55 വർഷത്തോളമാണ് മാപ്പിളപ്പാട്ടുകളുടെ രാജ്ഞിയായി റംലബീഗമെന്ന കലാകാരി പാടിയും പറഞ്ഞും സജീവമായത്. മാപ്പിള കലകളിലേക്കും പാട്ടുകളിലേക്കും വലിയ പ്രേക്ഷകരെ ആകർഷിക്കുന്നതില്‍ ആ സ്വരമാധുര്യം സഹായിച്ചു. മുസ്ലിം സമുദായം മാത്രമല്ല ഇതരമതസ്ഥർ പോലും റംലബീഗത്തിന്‍റെ പാട്ടുകളുടെ ആരാധകരായി മാറി. ബദറും, ബദറുല്‍ മുനീറും സ്റ്റേജുകളെ പ്രകമ്പനം കൊള്ളുന്ന മട്ടില്‍ റംലബീഗമെന്ന കലാകാരിയിലൂടെ ജനം കേട്ടു. കഥയ്ക്കിടയിലെ ഈണത്തിലുള്ള റംല ബീഗത്തിന്‍റെ പാട്ടുകള്‍ക്കായി അവർ കാത്തിരുന്നു. 500 ലധികം ഓഡിയോ കാസ്റ്റുകളാണ് കലാകാരിയുടെ പാട്ടുകള്‍ മാത്രമായി പുറത്തിറങ്ങിയത്.

ജനിച്ച് വളർന്നത് ആലപ്പുഴയിലാണെങ്കിലും കല അതിന്റെ തലത്തിൽ സംഗീതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് വിശ്വസിക്കുന്ന കോഴിക്കോടിനോട് ബീഗം എന്നും പ്രണയത്തിലായത്. 2005മുതലാണ് കോഴിക്കോടിന്‍റെ പ്രിയപ്പെട്ടവളായത്. എം.കെ. മുനീറിന്റെ പ്രത്യേക താല്പര്യത്തില്‍, കലാസ്‌നേഹികളുടെ സഹായത്തോടെ കോഴിക്കോട് വെള്ളിമാട്കുന്നില്‍ അനുവദിച്ചു കിട്ടിയ വസതിയിലായിരുന്നു പിന്നീടുള്ള കാലം. വിടവാങ്ങിയെങ്കിലും പാട്ടുകളിലൂടെ റംലബീഗമെന്ന കലാകാരി നൂറ്റാണ്ടുകളോളം ജീവിക്കും.

Similar Posts