'ഞാനൊരു ബീഫ് ആരാധകന്‍'; രണ്‍ബീറിനും ആലിയക്കുമെതിരെ ബജ്റംഗ്ദള്‍, ഉജ്ജയിന്‍ ക്ഷേത്രത്തില്‍ തടഞ്ഞു
|രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായാണ് ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപ്പൂറിനെയും ആലിയ ഭട്ടിനെയും മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബീഫുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പ്രകോപിതരായാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തടയുകയും ചെയ്തത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കറുത്ത തുണിയുമായി രണ്‍ബീറിനും ആലിയക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ചൂരല്‍ പ്രയോഗിക്കുന്നതിന്‍റെ വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ പുതിയ ചിത്രമായ 'ബ്രഹ്മാസ്ത്ര'-യുടെ റിലീസിന് മുന്നോടിയായാണ് ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. സംവിധായകൻ അയൻ മുഖർജിയും ഇരുവരുടെയും കൂടെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു.
രൺബീറും ആലിയയും ദർശനത്തിന് എത്തിയ ഉടനെ ബജ്‌റംഗ്ദൾ പ്രവർത്തകർ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തന്‍റെ പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര' കാണാൻ ആഗ്രഹിക്കുന്നവർ കാണണമെന്നും താൽപ്പര്യമില്ലാത്ത മറ്റുള്ളവർ കാണേണ്ടതില്ലെന്നും ആലിയ ഭട്ട് പറഞ്ഞതായി ബജ്‌റംഗ്ദൾ നേതാവ് അങ്കിത് ചൗബെ വിശദീകരിച്ചു.
2011ല്‍ റോക്ക് സ്റ്റാറിന്‍റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിലാണ് രണ്‍ബീര്‍ കപ്പൂര്‍ തന്‍റെ ബീഫ് ആരാധന തുറന്നുപറഞ്ഞത്. "എന്‍റെ കുടുംബം പെഷവാറിൽ നിന്നുള്ളവരാണ്, അതിനാൽ ധാരാളം പെഷവാരി ഭക്ഷണവും അതിനോടൊപ്പമുണ്ട്. ഞാൻ ഒരു മട്ടൺ, പായ, ബീഫ് ആരാധകനാണ്. ഞാൻ ഒരു വലിയ ബീഫ് ആരാധകനാണ്," - ഇതായിരുന്നു രണ്‍ബീറിന്‍റെ പരാമര്‍ശം. ബ്രഹ്മാസ്ത്രയുടെ റിലീസിന് തൊട്ടു മുന്നോടിയായാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്.