ആലിയയുടെ വണ്ണത്തെക്കുറിച്ച് വിവാദ പരാമർശം: മാപ്പ് പറഞ്ഞ് രൺബീർ
|രൺബീറിന്റെ 'തമാശ' കേട്ട് അടുത്തിരിക്കുന്ന ആലിയയും ചിത്രത്തിന്റെ സംവിധായകനായ അയാൻ മുഖർജിയും ഒരു നിമിഷത്തേക്ക് സ്തബ്ധരാവുന്നുമുണ്ട്.
ബോളിവുഡ് നടിയും ഭാര്യയുമായ ആലിയ ഭട്ടിന്റെ വണ്ണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് രൺബീർ കപൂർ. തമാശയായി പറഞ്ഞ കാര്യം ആ രീതിയിലല്ല എടുക്കപ്പെട്ടതെന്നും തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും രൺബീർ പറഞ്ഞു.
ആലിയയും രൺബീറും ഒന്നിക്കുന്ന ചിത്രം 'ബ്രഹ്‌മാസ്ത്ര'യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച യൂട്യൂബ് ലൈവ് സെഷനിലായിരുന്നു രൺബീറിന്റെ പരാമർശം. തങ്ങളെന്താണ് ചിത്രത്തിന്റെ പ്രൊമോഷന്‍ അധികം വ്യാപിപ്പിക്കാത്തത് എന്ന് ആലിയ വിശദീകരിച്ച് തുടങ്ങുമ്പോൾ രൺബീർ ഇടയ്ക്ക് കയറി, ചിലരൊക്കെ വികസിക്കുന്നതായി താൻ കാണുന്നുണ്ടെന്ന് ആലിയയുടെ വണ്ണത്തെ കളിയാക്കി പറഞ്ഞതാണ് വിവാദങ്ങൾക്ക് കാരണമായത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത ആലിയ ഭട്ട് ജൂണിൽ പങ്ക് വച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രൺബീറിന്റെ പരാമർശം. ഇതിന് ശേഷം ഉടൻ തന്നെ താൻ തമാശ പറഞ്ഞതാണെന്ന് രൺബീർ പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. രൺബീറിന്റെ 'തമാശ' കേട്ട് അടുത്തിരിക്കുന്ന ആലിയയും ചിത്രത്തിന്റെ സംവിധായകനായ അയാൻ മുഖർജിയും ഒരു നിമിഷത്തേക്ക് സ്തബ്ധരാവുന്നുമുണ്ട്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ രൺബീറിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ബോഡിഷെയിമിങ് ചൂണ്ടിക്കാട്ടിയായിരുന്നു മിക്കവരും വിമർശനമുന്നയിച്ചത്. ഇത്തരം തമാശകളാണ് പ്രസവശേഷമുള്ള ഡിപ്രഷനിലേക്കും മറ്റും വഴിവയ്ക്കുന്നതെന്നും ഇതൊന്നും തമാശയായി കാണാനേ പറ്റില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവം ചർച്ചയായതോടെയാണ് രൺബീർ മാപ്പ് പറഞ്ഞത്. ചെന്നൈയിൽ 'ബ്രഹ്‌മാസ്ത്ര'യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ് മീറ്റിലായിരുന്ന രൺബീറിന്റെ ക്ഷമാപണം. "ലോകത്ത് മറ്റെന്തിനേക്കാളും കൂടുതൽ താൻ ആലിയയെ സ്‌നേഹിക്കുന്നു. തമാശയായി പറഞ്ഞ കാര്യം അത്ര തമാശയായല്ല സ്വീകരിക്കപ്പെട്ടത്. ആരെയെങ്കിലും എന്റെ പരാമർശം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. താൻ ഇത് ആലിയയുമായി ചർച്ച ചെയ്തപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അത്ര നല്ല സെൻസ് ഓഫ് ഹ്യൂമർ ഉള്ളയാളല്ല താൻ. ചിലപ്പോഴൊക്കെ തമാശകൾ ഇങ്ങനെ തിരിച്ചടിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു". രൺബീർ പറഞ്ഞു.
ഏപ്രിൽ 14നായിരുന്നു ആരാധകർ കാത്തിരുന്ന രൺബീർ-ആലിയ വിവാഹം. ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. സെപ്റ്റംബർ 9ന് ചിത്രം തിയേറ്ററിലെത്തും.