പ്രസവശേഷവും ഞാൻ സിനിമകളുമായി മുന്നോട്ടു പോകണമെന്നാണ് രൺബീറിന്റെ ആഗ്രഹം: ആലിയ ഭട്ട്
|പരസ്പരം ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാമെന്നാണ് രൺബീർ പറയുന്നതെന്നും ആലിയ ഭട്ട്
ബോളിവുഡ് താരങ്ങളായ ആലിയഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യ കുഞ്ഞിനെ ഉടൻ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. കുഞ്ഞ് വന്നതിന് ശേഷം താനും രൺബീറും എങ്ങനെയാണ് ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് ആലിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് വന്നാൽ കൂടുതൽ സിനിമകൾ ചെയ്യാനും പുതിയ സിനിമകൾ കണ്ടെത്താനുമാണ് ആഗ്രഹിക്കുന്നതെന്നും ആലിയ ഭട്ട് സി.എൻ.ബി.ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
''പ്രസവ ശേഷം ഞാൻ ഉടൻ സിനിമകളുമായി മുന്നോട്ട് പോകണമെന്നാണ് രൺബീർ ആഗ്രഹിക്കുന്നത്, രൺബീർ അത്യധികം സന്തോഷവാനാണ്''- ആലിയ പറഞ്ഞു. പരസ്പരം ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാമെന്നാണ് രൺബീർ പറയുന്നത്. അങ്ങനെ ഉത്തരവാദിത്തം പരസ്പരം പങ്കുവെക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ആലിയ ഭട്ട് കൂട്ടിച്ചേർത്തു. തന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ചും ആലിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ''അമ്മയാണ് എന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്റെ ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് വ്യക്തതയില്ല, അമ്മ ശ്രദ്ധാപൂർവം എല്ലാം കൈകാര്യം ചെയ്യുന്നുണ്ടെന്നും എനിക്കറിയാം''- ആലിയ ഭട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം ടൈം 100 ഇംപാക്ട് 2022 അവാർഡ്സിൽ മിന്നിത്തിളങ്ങിയാണ് ആലിയ ഭട്ട് എത്തിയിരുന്നത്. ഗർഭകാലത്തും ഫാഷൻ വസ്ത്രങ്ങളോട് വിട്ടുവീഴ്ച ഇല്ലാതെ നല്ല സ്റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. മനോഹരമായ ബ്രോൺസ് ഗോൾഡൺ ഗൗണിൽ ആണ് താരം അവാർഡ് നൈറ്റിൽ തിളങ്ങിയത്. 'എഡമമ്മ' എന്നാണ് ബ്രാൻഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങൾ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.