സവർക്കർ മാപ്പുപറഞ്ഞിട്ടില്ല; ജയിലില്‍നിന്നു നല്‍കിയത് ദയാഹരജി-രൺദീപ് ഹൂഡ
|ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധാനം നിര്‍വഹിക്കുന്ന 'സ്വാതന്ത്ര വീർ സവർക്കർ' മാർച്ച് 22ന് തിയറ്ററിലെത്തും
മുംബൈ: വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന 'സ്വാതന്ത്ര വീർ സവർക്കർ' എന്ന ചിത്രം പ്രോപഗണ്ടയല്ലെന്ന് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ. സവർക്കർക്കെതിരായ പ്രോപഗണ്ടകളെ തകർക്കുന്നതാകും ചിത്രമെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ മാപ്പുപറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്നു ദയാഹരജി നൽകുക മാത്രമാണു ചെയ്തതെന്നും ഹൂഡ പറഞ്ഞു.
രൺദീപ് ഹൂഡയുടെ തിരക്കഥയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് സ്വതന്ത്ര വീർ സവർക്കർ. മുംബൈയിലെ ജുഹുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നത്. ഇത് പ്രോപഗണ്ട വിരുദ്ധ ചിത്രമാണ്. പതിറ്റാണ്ടുകളായി സവർക്കർക്കെതിരെ പ്രചരിക്കുന്ന എല്ലാ പ്രോപഗണ്ടകളെയും എതിർക്കുന്നതാകും ചിത്രമെന്നും ഹൂഡ പറഞ്ഞു.
''സവർക്കർ മാപ്പുപറച്ചിലുകാരനായിരുന്നില്ല. ആ സമയത്ത് അദ്ദേഹം മാത്രമല്ല, നിരവധി പേർ ദയാഹരജി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ചിത്രത്തിൽ വിശദമായി പറയുന്നുണ്ട്. ജാമ്യാപേക്ഷകളും ഹരജികളുമെല്ലാമുണ്ട്. അതൊക്കെ തടവുപുള്ളികളുടെ അവകാശമാണ്. കോടതിയിൽ പോയവർക്ക് അറിയാം അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യന്നതെന്ന്.''
സവർക്കറെ സെല്ലുലാർ ജയിലിലാണ് അടച്ചിരുന്നതെന്നും അവിടെനിന്നു പുറത്തിറങ്ങി രാജ്യത്തിന് സാംസ്‌കാരികമായും രാഷ്ട്രീയപരമായുമുള്ള സേവനങ്ങൾ അർപ്പിക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെന്നും രൺദീപ് ഹൂഡ പറഞ്ഞു. അതുകൊണ്ടു ജയിലിൽനിന്നു പുറത്തിറങ്ങി രാജ്യത്തിനു വേണ്ടി സംഭാവനകൾ അർപ്പിക്കാൻ വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധപോരാട്ടം നടത്തിയ നിരവധി രഹസ്യ കൂട്ടായ്മകളുടെ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് സവർക്കറെന്നും തന്റെ ചിത്രത്തിലൂടെ ഊഹാപോഹങ്ങളുടെ തടവറയിൽനിന്ന് അദ്ദേഹം മോചിതനാകുകയാണെന്നും താരം അവകാശപ്പെട്ടു.
മഹാത്മാ ഗാന്ധിയെക്കുറിച്ചും സർദാർ വല്ലഭ്ഭായി പട്ടേലിനെക്കുറച്ചും ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുമെല്ലാം ഇവിടെ ചിത്രങ്ങൾ വന്നിട്ടുണ്ട്. ആണവ ബോംബിന്റെ ഉപജ്ഞാതാവ് ജെ. റോബർട്ട് ഓപൺഹെയ്മറുടെ ജീവിതത്തെ ആസ്പദമാക്കി അമേരിക്ക ഓപൺഹെയ്മർ എന്നൊരു ചിത്രം തന്നെ ഇറക്കി. എന്നാൽ, നമ്മുടെ രാജ്യത്ത് നമ്മുടെ സ്വന്തം നായകന്മാരെ തകർത്തുകളയുകയാണെന്നും സവർക്കറിനെക്കുറിച്ചുള്ള യഥാർത്ഥ കഥ തന്റെ ചിത്രത്തിലൂടെ ജനങ്ങൾക്ക് അറിയാനാകുമെന്നും രൺദീപ് ഹൂഡ കൂട്ടിച്ചേർത്തു.
മഹേഷ് മഞ്ജരേക്കർ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രൺദീപ് ഹൂഡയുമായുള്ള തർക്കങ്ങളെ തുടർന്ന് അദ്ദേഹം പ്രോജക്ടിൽനിന്നു പിന്മാറുകയായിരുന്നു. ഹൂഡ അനാവശ്യമായി ചിത്രത്തിൽ ഇടപെട്ടെന്നും പല ഭാഗങ്ങളിലും അദ്ദേഹത്തിനു താൽപര്യമുള്ള തിരുത്തുകൾ ആവശ്യപ്പെട്ടെന്നുമെല്ലാം തുറന്നടിച്ചു രംഗത്തെത്തുകയായിരുന്നു മഹേഷ്. ഇതെല്ലാമായതോടെ ചിത്രത്തിൽനിന്നു പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മഹേഷ് മഞ്ജരേക്കർ പ്രോജക്ട് വിട്ടതോടെയാണ് ഹൂഡ തന്നെ സംവിധാനം ഏറ്റെടുത്തത്.
മാർച്ച് 22നാണ് സ്വതന്ത്ര വീർ സവർക്കർ തിയറ്ററിലെത്തുന്നത്. ചിത്രത്തിൽ രൺദീപ് തന്നെയാണ് സവർക്കറിനെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ടിറ്റ്, സന്ദീപ് സിങ് എന്നിവരാണു നിർമാതാക്കൾ. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവർ സഹനിർമാതാക്കളുമാണ്. രൺദീപ് ഹൂഡയും ഉത്കർഷ് നൈതാനിയും ചേർന്നാണു തിരക്കഥ. ഹിന്ദിക്കു പുറമെ മറാഠിയിലും ചിത്രം പുറത്തിറങ്ങും.
Summary: 'Savarkar was not a 'maafiveer'(apologist). Not only him, many other people too wrote mercy petitions at the time': Says Swatantra Veer Savarkar director and Bollywood actor Randeep Hooda