'വിനായകന്‍റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മം മതിയാവില്ല'; വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്
|രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നുമാണ് വിനായകന്‍ ഒരുത്തീ ടീമുമൊത്തുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞത്
സംവിധായകന്‍ രഞ്ജിത്തിനെതിരായ നടന്‍ വിനായകന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. വിനായകന്‍റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ലെന്നും അതിന് ഈ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് മീഡിയവണിനോട് പറഞ്ഞു. ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നുവെന്നും രഞ്ജിത്ത് പ്രതികരിച്ചു.
രഞ്ജിത്തിന്‍റെ വാക്കുകള്‍:
"ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്‍റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല."
സംവിധായകൻ രഞ്ജിത്ത് സെൻട്രൽ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വിനായകന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നുമാണ് വിനായകന്‍ ഒരുത്തീ ടീമുമൊത്തുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി നടക്കുന്ന അമാന്യന്മാരെ മുഖത്ത് നോക്കി ചീത്തപറയാന്‍ മടിക്കില്ലെന്നും വിനായകന്‍ പറഞ്ഞു.
"ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്‍റെ കയ്യില്‍ കുറച്ച് കലക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും" വിനായകന്‍ പറഞ്ഞു. അവ മനപൂര്‍വം തന്നെ ഇടുന്ന പോസ്റ്റുകളാണെന്നും വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.