"മെസേജ് അയക്കുന്നവര്‍ ശ്രദ്ധിക്കുക, അത് നിമ്മിയുടെ നമ്പറല്ല..."
|ചിത്രത്തെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട പോസ്റ്റും ഇപ്പോള്‍ സരസമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്
ജയസൂര്യയുടെ സണ്ണി എന്ന സിനിമ മികച്ച പ്രതികണം നേടിയ മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട പോസ്റ്റും ഇപ്പോള്‍ സരസമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയില്‍ ഒരു കഥാപാത്രത്തിനായി കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ഫോണ്‍ വിളികളും മെസേജുകളും നിരന്തരമായി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍റെ പോസ്റ്റ്. അത് ഒരു നടിയുടെയും നമ്പരല്ലെന്നും തന്‍റെ അസിസ്റ്റന്‍റിന്‍റെയാണെന്നും അദ്ദേഹം കുറിച്ചു.
സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്‍റെ അസിസ്റ്റന്‍റ് ആയ സുധീഷ് ഭരതന്‍റേതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക. എന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വരുന്നത്.
'നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം', 'വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റികണ്ടാരുന്നു', 'ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾ ഉണ്ടല്ലോ', അസിസ്റ്റൻറിന് പണി കൊടുക്കുവാണേൽ ഇങ്ങനെ കൊടുക്കണം അളിയാ'എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
ഇതിനിടെ സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്റെ കുടുംബവും പണവും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.