നഗ്ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങിനെ ചോദ്യം ചെയ്യും
|ഈ മാസം 22ന് ചെമ്പൂര്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങിനെ ചോദ്യം ചെയ്യും. ഈ മാസം 22ന് ചെമ്പൂര്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചെമ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച നടന്‍റെ വസതിയിൽ നേരിട്ടെത്തിയെങ്കിലും മുംബൈയില്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് രണ്‍വീറിനെതിരെ കേസെടുത്തത്.
രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.'കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങൾ 6 വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞയാഴ്ച രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീതി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും', പരാതിയില്‍ പറയുന്നു. രൺവീർ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഐടി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസമായിരുന്നു വിവാദ ഫോട്ടോഷൂട്ട് നടന്നത്. ഇതിനു ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി. 'Paper'മാസികയ്ക്ക് വേണ്ടിയാണ് രൺവീർ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രൺവീർ പറഞ്ഞിരുന്നു. ആയിരം പേരുടെ മുന്‍പില്‍ തനിക്ക് നഗ്നനാകാമെന്നും താന്‍ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും എന്നാല്‍, ആളുകള്‍ അസ്വസ്ഥരാകമെന്നും രൺവീർ പറഞ്ഞിരുന്നു.