രശ്മിക മന്ദാനയുടെ എ.ഐ ഡീപ്പ് ഫേക്ക് വീഡിയോ; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
|രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു
ഡൽഹി: നടി രശ്മിക മന്ദാനയുടെതെന്ന പേരിൽ പ്രചരിപ്പിച്ച എഐ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷൻ 66C, 66E എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു
കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നവംബർ 17നകം കേസിലെ പ്രതികളുടെ വിശദാംശങ്ങളടങ്ങിയ എഫ്.ഐ.ആറിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളിൽ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ.ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. എന്നാൽ വ്യാജ പ്രചരണത്തിൽ തനിക്ക് ഒരു അറിവുമില്ലെന്ന് സാറ പറഞ്ഞു.
വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ സോഷ്യൽ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.