Entertainment
രവീണ ടണ്ഠൻ മദ്യപിച്ചിരുന്നില്ല, കാർ ആരെയും ഇടിച്ചിട്ടില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്
Entertainment

'രവീണ ടണ്ഠൻ മദ്യപിച്ചിരുന്നില്ല, കാർ ആരെയും ഇടിച്ചിട്ടില്ല'; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

Web Desk
|
3 Jun 2024 5:18 AM GMT

എന്നെ തല്ലരുതെന്ന് ആള്‍ക്കൂട്ടത്തോട് നടി പറയുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

മുംബൈ: ബോളുവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് സ്ത്രീകൾക്ക് പരിക്കേറ്റെന്ന പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ മദ്യപിച്ചതിനും അമിത വേഗതയിൽ വാഹനമോടിച്ച് സ്ത്രീകൾക്ക് പരിക്കേറ്റെന്നുമുള്ള പരാതി പൊലീസിന് ലഭിച്ചത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നടിയുടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്നും അവർ മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തിയതായും പരാതി വ്യാജമാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്തിലക് റോഷൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

'സംഭവമുണ്ടായ ബാന്ദ്രയിലെ ഹൗസിങ് സൊസൈറ്റിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഞങ്ങൾ പരിശോധിച്ചു, പരാതി നൽകിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോൾ നടിയുടെ ഡ്രൈവർ കാർ റോഡിൽ നിന്ന് റിവേഴ്‌സ് എടുക്കുകയായിരുന്നു. കാറിന് പിന്നിൽ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തർക്കം നടക്കുകയും ചെയ്തു.പിന്നാലെ ഡ്രൈവർ കാർ നടിയുടെ വീട്ടിലേക്ക് കയറ്റി. എന്നാൽ പിന്നീട് തർക്കം രൂക്ഷമാകുകയും ഈ സമയത്താണ് രവീണ സംഭവ സ്ഥലത്തെത്തി ഇടപെടുന്നത്. തന്റെ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തർക്കം വാക്കേറ്റത്തിലേക്കും അധിക്ഷേപത്തിലേക്കും നീങ്ങുകയായിരുന്നു. ഇരു കൂട്ടരും ഇത് സംബന്ധിച്ച് ഖാർ പൊലീസ് സ്റ്റേഷനിലെത്തി പരാതികൾ എഴുതി നൽകിയിരുന്നു.എന്നാൽ പിന്നീട് രണ്ടു പരാതികളും പിൻവലിച്ചു'..ഡിസിപി രാജ്തിലക് റോഷൻ പറഞ്ഞു.

നേരത്തെ നടിയെ ആൾക്കൂട്ടം അധിക്ഷേപിക്കുന്നതും എന്നെ തല്ലരുതെന്ന് പറയുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽമീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.


Similar Posts