ഇന്ദുലേഖ കണ്‍തുറന്നു; നിലമ്പൂരില്‍ നട്ടുച്ചക്ക് ഷൂട്ട് ചെയ്ത മമ്മൂട്ടിയുടെ ആ ഗാനരംഗം
|നിലാവലകളിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുഴയോരത്തുകൂടി വീരയോദ്ധാവിനെപ്പോലെ അശ്വാരൂഢനായി കുതിച്ചെത്തുകയാണ് മമ്മൂട്ടി
യേശുദാസ് പാടുന്നു, ഗ്രീക്ക് യോദ്ധാവിനെപ്പോലെ മമ്മൂട്ടി പറന്നുവരുന്നു
പടത്തിൽ പാട്ടെന്തിന് എന്ന് മമ്മൂട്ടിയുടെ ചോദ്യം. ``നല്ല ഒഴുക്കുള്ള കഥയാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ടുകൾ കയറിവന്നാൽ അത് കഥാഗതിയെ ബാധിക്കും. പാട്ട് പൂർണ്ണമായും ഒഴിവാക്കണം എന്നാണ് എന്‍റെ പക്ഷം.'' -- വടക്കൻ വീരഗാഥയിലെ ഇതിഹാസനായകൻ ചന്തുവായി കച്ചകെട്ടിയിറങ്ങും മുൻപ് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു.
തിരക്കഥാകൃത്തും സംഭാഷണരചയിതാവുമായ എം ടി വാസുദേവൻ നായർക്കുമില്ല മറിച്ചൊരഭിപ്രായം. ഗാനചിത്രീകരണം എന്ന ആശയത്തോടു തന്നെ താത്വികമായി വിയോജിപ്പുള്ളയാളാണ് എം ടി. സിനിമയുടെ ഗൗരവം ചോർത്തിക്കളയാനേ അനവസരത്തിലുള്ള പാട്ടുകൾ ഉപകരിക്കൂ എന്ന വിശ്വാസക്കാരൻ.
എന്നാൽ പാട്ടുകളുടെ നിത്യകാമുകനായ സംവിധായകനുണ്ടോ കുലുങ്ങുന്നു? പാട്ടില്ലാത്ത ``വടക്കൻ വീരഗാഥ''യെക്കുറിച്ച് സങ്കല്പിക്കാനേ വയ്യ ഹരിഹരന്. പടം ഹരന്‍റേതാകുമ്പോള്‍ ജനം ഹരമുള്ള ഗാനങ്ങളും പ്രതീക്ഷിക്കും എന്ന് ഉറപ്പ്. കഥയിൽ പൂർണ്ണമായും അലിഞ്ഞുചേരുന്ന പാട്ടുകൾ. ``ലേഡീസ് ഹോസ്റ്റൽ'' മുതലിങ്ങോട്ടുള്ള ഹരിഹരൻ സിനിമകളുടെ ചരിത്രം അതാണല്ലോ. പോരാത്തതിന് ഇതൊരു വടക്കൻ പാട്ട് ചിത്രവും. പാട്ടില്ലാതെ എന്ത് വടക്കൻപാട്ട്? തിരക്കഥ പലയാവർത്തി ശ്രദ്ധയോടെ വായിച്ചപ്പോൾ സിനിമയിലെ രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ ഗാനങ്ങൾ ഉണ്ടാവുന്നത് അഭംഗി ആവില്ല എന്ന് തോന്നി ഹരിഹരന്. കഥയുമായി ഇണങ്ങിച്ചേർന്നു പോകുന്നില്ലെങ്കിൽ ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവിൽ ഗാനങ്ങൾ ചിത്രീകരിക്കാൻ എം ടിയിൽ നിന്ന് അനുമതി വാങ്ങുന്നു സംവിധായകൻ. മനസ്സില്ലാമനസ്സോടെ ആ പരീക്ഷണത്തിന് സമ്മതം മൂളുന്നു എം ടി.
ഇനിയുള്ള കഥ ഹരിഹരന്‍റെ വാക്കുകളിൽ: ``പടം റിലീസായ ദിവസം എനിക്ക് ലഭിച്ച ആദ്യത്തെ ഫോണ്‍ കോളുകളിൽ ഒന്ന് മമ്മുട്ടിയുടെതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ മമ്മൂട്ടി പറഞ്ഞു: ``സാർ , പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് ആളുകൾ പറയുന്നു. എന്‍റെ പഴയ അഭിപ്രായം ഞാൻ പിൻവലിക്കുകയാണ്.'' എം ടിയും അതേ അഭിപ്രായം പങ്കുവച്ചപ്പോൾ ആശ്വാസത്തോടൊപ്പം സന്തോഷവും തോന്നിയെന്ന് ഹരിഹരൻ. `` മലയാളി പ്രേക്ഷകരെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ തെറ്റിയില്ലല്ലോ. ഇന്ന് കാണുമ്പോഴും പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ വടക്കൻ വീരഗാഥ അപൂർണ്ണമായേനെ എന്ന് തോന്നാറുണ്ട്.''
മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാൽ മനസ്സിലേക്ക് ആദ്യം ഒഴുകിയെത്തുന്ന പാട്ടുകളിലൊന്ന് ഈ സിനിമയിലാണ്: കൈതപ്രം എഴുതി ബോംബെ രവി സംഗീതം നൽകി യേശുദാസ് പാടിയ ``ഇന്ദുലേഖ കൺതുറന്നു ഇന്നു രാവും സാന്ദ്രമായി.'' വരികളും ഈണവും ആലാപനവും ദൃശ്യങ്ങളുമെല്ലാം കൂടിക്കലർന്ന അപൂർവ സുന്ദരമായ ഒരു സിംഫണി. ആ സിംഫണിയുടെ കേന്ദ്രബിന്ദുവായി മമ്മൂട്ടിയുടെ തേജസ്സാർന്ന രൂപമുണ്ട്; പിന്നണിയിൽ അസാമാന്യ താളബോധമുള്ള ഒരു ഓർക്കസ്ട്ര കൺഡക്റ്ററുടെ റോളിൽ ഹരിഹരൻ എന്ന സംവിധായകനും.
``വീരഗാഥ''യിലെ പാട്ടുകളിൽ കൂടുതൽ ഖ്യാതി നേടിയത് ``ചന്ദനലേപ സുഗന്ധ''മാവണം. അതിലുമുണ്ട് മമ്മൂട്ടിയുടെ ദീപ്ത സാന്നിധ്യം. എങ്കിലും മാധവിയുടെ മോഹിപ്പിക്കുന്ന ലാവണ്യമാണ് ആ പാട്ടിനൊപ്പം എപ്പോഴും മനസ്സിൽ വന്നുനിറയുക. കെ ജയകുമാറിന്റെ വരികളിലെ ചെങ്കദളിമലർച്ചുണ്ടും കൂവളപ്പൂമിഴികളും ഉണ്ണിയാർച്ചയുടേതാണല്ലോ. എന്നാൽ ``ഇന്ദുലേഖ കൺതുറന്നു''വിൽ നിറയുന്നത് ചന്തുവിനെ കുറിച്ചുള്ള ആർച്ചയുടെ പ്രതീക്ഷയാണ്; പ്രണയനിർഭരമായ പ്രതീക്ഷ. ഇന്ദ്രജാലം മെല്ലെയുണർത്തി മന്മഥന്റെ തേരിൽ വരുന്നത് ഇന്ദുലേഖയല്ല, സാക്ഷാൽ ചന്തു തന്നെ.
അതും എന്തൊരു ഗംഭീരമായ വരവ്! നിലാവലകളിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന പുഴയോരത്തുകൂടി വീരയോദ്ധാവിനെപ്പോലെ അശ്വാരൂഢനായി കുതിച്ചെത്തുകയാണ് മമ്മൂട്ടി. പിന്നെ പുഴ നീന്തിക്കടന്ന് നേരെ പൂർവ്വകാമുകിയുടെ കരങ്ങളിലേക്ക്. പാൽനിലാവിന്‍റെ ഇളംതൂവൽ സ്പർശമേറ്റ് ഇരുവരും ആശ്ലേഷിതരാകുമ്പോൾ പശ്ചാത്തലത്തിൽ യേശുദാസിന്റെ ഗന്ധർവ്വനാദം: ``ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്, ആയിരം വർണ്ണരാജികളിൽ ആതിരരജനി അണിഞ്ഞൊരുങ്ങീ..''
നിലമ്പൂരിൽ വെച്ച് ഒരു നട്ടുച്ചക്ക് ഷൂട്ട് ചെയ്ത ഗാനരംഗമാണിതെന്ന് പറയുന്നു ഹരിഹരൻ. ``ഡേ ഫോർ നൈറ്റ് ആയി ചിത്രീകരിച്ചത് കൊണ്ടാണ് ദൃശ്യങ്ങളിൽ നിശയുടെയും നിലാവിന്‍റെയും ഭംഗി ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ കഴിഞ്ഞത്. പുഴയുടെ മാറിൽ വീണു തിളങ്ങുന്ന ചന്ദ്രന്‍റെ പ്രതിബിംബം പലരും എടുത്തുപറയാറുണ്ട്. മമ്മൂട്ടിയുടെ ജ്വലിക്കുന്ന സൗന്ദര്യം കൂടി ചേർന്നപ്പോൾ അതൊരു മറക്കാനാവാത്ത കാഴ്ചയായി.'' സ്വന്തം സിനിമകളിലെ അസംഖ്യം ഗാനരംഗങ്ങളിൽ ഹരിഹരന്‍റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നവയിലൊന്ന് ഇന്ദുലേഖ ആയത് സ്വാഭാവികം.
മമ്മൂട്ടിയെ ഇത്രമേൽ സുന്ദരനായി കണ്ട ഗാനരംഗങ്ങൾ അപൂർവമാണെന്ന് ഛായാഗ്രാഹകൻ രാമചന്ദ്രബാബു പറഞ്ഞുകേട്ടതോർക്കുന്നു. ഗ്രീക്ക് യോദ്ധാവിന്‍റെ പ്രൗഢിയുണ്ട് കുതിരപ്പുറമേറി വരുന്ന ചന്തുവിന്. ``സ്വപ്നവും യാഥാർഥ്യവും തമ്മിൽ വേർതിരിക്കുന്ന രേഖകൾ അപ്രത്യക്ഷമാകണം എന്നായിരുന്നു ഹരിഹരന്‍റെ നിർദ്ദേശം. ആ രീതിയിൽ തന്നെ അത് ചിത്രീകരിക്കാൻ കഴിഞ്ഞു എന്നാണെന്‍റെ വിശ്വാസം. പടം കണ്ട പലരും ചോദിക്കാറുണ്ട്, കുതിരപ്പുറത്തുവരുന്ന ആ ഷോട്ട് എങ്ങനെ എടുത്തു എന്ന്. നീലനിറം കിട്ടാൻ വേണ്ടി എൺപത്തഞ്ച് എന്ന ഡേലൈറ്റ് കൺവെർഷൻ ഫിൽറ്റർ മാറ്റി. ഇരുട്ട് തോന്നിക്കാൻ കുറച്ച് അണ്ടർ എക്സ്പോസ് ചെയ്ത് ബാക്ക്ലൈറ്റിൽ ഷൂട്ട് ചെയ്തു. എല്ലാം കൃത്യമായ അളവിൽ തന്നെ വേണം. ഇല്ലെങ്കിൽ മുഴുവനും പകലായോ കൂരിരുരുട്ടായോ മാറിയേക്കാം..'' -- രാമചന്ദ്രബാബുവിന്‍റെ വാക്കുകൾ.
കെ ജയകുമാറാണ് ``വടക്കൻ വീരഗാഥ''യിലെ ഗാനങ്ങൾ മുഴുവനും എഴുതേണ്ടിയിരുന്നത്. അളകാപുരിയിലെ കോട്ടേജിലിരുന്ന് കാവ്യഭംഗിയുള്ള രണ്ടു പാട്ടുകൾ അദ്ദേഹം രചിക്കുകയും ചെയ്തു: ചന്ദനലേപ സുഗന്ധം, കളരി വിളക്ക് തെളിഞ്ഞതാണോ. മറ്റ് പാട്ടുകൾ എഴുതേണ്ട സമയമായപ്പോഴേക്കും ജയകുമാർ ജോലിത്തിരക്കിൽ ചെന്നു പെട്ടിരുന്നു. കോഴിക്കോട് കളക്റ്ററാണ് അന്നദ്ദേഹം. ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി. അവശേഷിച്ച പാട്ടുകളെഴുതാനുള്ള ദൗത്യം അതോടെ കൈതപ്രത്തെ തേടിയെത്തുന്നു. ``ചെന്നൈയിലെ എന്റെ വീട്ടിലിരുന്നാണ് കൈതപ്രം പാട്ടെഴുതിയത്.''-- ഹരിഹരന്റെ ഓർമ്മ. ``സിനിമയിലെ കഥാസന്ദർഭവും കഥാപാത്രത്തിന്റെ സൂക്ഷ്മവികാരങ്ങളും അന്തരീക്ഷവും വരെ ഗാനരചയിതാവിന് വിശദീകരിച്ചുകൊടുക്കാറുണ്ട് ഞാൻ. സിനിമക്ക് ആവശ്യമുള്ള വരികളും ഭാവവും കിട്ടും വരെ പാട്ട് മാറ്റിയെഴുതിക്കാൻ മടിക്കാറുമില്ല. ഒരു പക്ഷേ എന്റെ ഉള്ളിലൊരു സംഗീതാസ്വാദകൻ കൂടി ഉള്ളതിനാലാകണം. എഴുതി മടുത്ത കൈതപ്രത്തോട് അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: നിങ്ങൾക്കതിന് കഴിയും. എനിക്ക് സംശയമില്ല. ഒന്നുകൂടി എഴുതി നോക്കൂ.'' കൈതപ്രം വഴങ്ങി. അടുത്ത രചന ഓക്കേ.
ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കി അഭിനയിക്കാൻ പൊതുവെ വിമുഖനാണ് മമ്മൂട്ടി എന്ന് ഹരിഹരൻ. അത് വേറൊരു കലയാണ്. എന്നാൽ അശരീരിയായി പാട്ടുകൾ കേൾപ്പിക്കുന്നതിനോട് വലിയ വിരോധമില്ല അദ്ദേഹത്തിന്. വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലുമൊക്കെ മമ്മൂട്ടി കടന്നുവരുന്ന ഗാനരംഗങ്ങളുടെ പശ്ചാത്തലത്തിലേ ഉള്ളൂ പാട്ടുകൾ. സിനിമയിൽ മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഗാനരംഗങ്ങൾ പലതിലും പാട്ടുകൾ അശരീരികളാണ്. എന്നിട്ടും അവയിൽ ചിലതൊക്കെ ക്ലാസിക്കുകളുടെ തലത്തിലേക്കുയർന്നുവെങ്കിൽ അതിനു പിന്നിൽ കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം തന്നെ. ഗാനത്തിന്റെ ഭാവം സ്വന്തം ചലനങ്ങളിലേക്ക് പോലും ആവാഹിക്കാൻ കഴിയും മമ്മൂട്ടിക്ക്. ``അമര''ത്തിലെ ``വികാരനൗകയുമായി'' ഉദാഹരണം. ആത്മസംഘർഷത്തിന്റെ ഒരു അലകടൽ തന്നെ ഉള്ളിലൊതുക്കി ആർത്തലയ്ക്കുന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ നടന്നുപോകുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് മനോഹരമായ ഒരു പെയ്ന്റിംഗിന്റെ തികവും മികവും നൽകിയിരിക്കുന്നു ഭരതനും മധു അമ്പാട്ടും. മമ്മൂട്ടിയുടെ മുഖത്തെ ഭാവപ്പകർച്ചകൾ കൂടി ചേർന്നപ്പോൾ ഹൃദയസ്പർശിയായ ദൃശ്യാനുഭവമായി അത്. പ്രകൃതിയും മനുഷ്യനും ഉദാത്തമായ സംഗീതവും ഒത്തുചേരുമ്പോഴത്തെ മാജിക്. ആയിരപ്പറയിലെ ``യാത്രയായ് വെയിലൊളി നീളുമെൻ നിഴലിനെ കാത്തു നീ നിൽക്കയോ'' (കാവാലം -- രവീന്ദ്രൻ) ആണ് ഇതുപോലെ മനസ്സിൽ തൊട്ട മറ്റൊരു ദൃശ്യ--ശ്രവ്യാനുഭവം.
തീർന്നില്ല. വേറെയുമുണ്ട് മമ്മൂട്ടിയുടെ രൂപത്തോടൊപ്പം കാതിൽ ഒഴുകിയെത്തുന്ന പശ്ചാത്തല ഗീതങ്ങൾ: ഈ നീലിമ തൻ (ആ രാത്രി), മാനം പൊന്മാനം (ഇടവേളക്ക് ശേഷം), വാസരം തുടങ്ങി (ചക്കരയുമ്മ), അലസതാ വിലസിതം (അക്ഷരങ്ങൾ), മഴവില്ലിൻ മലർ തേടി (കഥ ഇതുവരെ), ശ്യാമാംബരം (അർത്ഥം), ആകാശ ഗോപുരം (കളിക്കളം), താരാപഥം ചേതോഹരം (അനശ്വരം), എന്നോടൊത്തുയരുന്ന (സുകൃതം), ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്, രാസനിലാവിന് താരുണ്യം (പാഥേയം), താഴ്‌വാരം മൺപൂവേ (ജാക്പോട്ട്), നീലാകാശം തിലകക്കുറി ചാർത്തി (സാഗരം സാക്ഷി), ആത്മാവിൻ പുസ്തകത്താളിൽ (മഴയെത്തും മുൻപേ), സ്വപ്നമൊരു ചാക്ക് (ബെസ്റ്റ് ആക്ടർ)...
പാട്ടിനൊത്ത് മമ്മൂട്ടി ചുണ്ടനക്കിയപ്പോഴും പിറന്നു സൂപ്പർ ഹിറ്റുകൾ: ബുൾബുൾ മൈനേ, മിഴിയിൽ മീൻ പിടഞ്ഞു (സന്ധ്യക്ക് വിരിഞ്ഞ പൂവ്), ഏതോ ജന്മബന്ധം (അമേരിക്ക അമേരിക്ക), ഒരു മഞ്ഞുതുള്ളിയിൽ (അക്ഷരങ്ങൾ), തൊഴുതുമടങ്ങും സന്ധ്യയുമേതോ (അക്ഷരങ്ങൾ), കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും (അനുബന്ധം), ഇണക്കിളി വരുകില്ലേ (ഒരു നോക്ക് കാണാൻ), നാട്ടുപച്ച കിളിപ്പെണ്ണേ (ആയിരപ്പറ), എന്തിന് വേറൊരു സൂര്യോദയം (മഴയെത്തും മുൻപേ), നീ എൻ സർഗ്ഗ സൗന്ദര്യമേ (കാതോട് കാതോരം), നെറ്റിയിൽ പൂവുള്ള (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), വെണ്ണിലാ ചന്ദനക്കിണ്ണം (അഴകിയ രാവണൻ), തെക്കു തെക്ക് തെക്കേ പാടം (എഴുപുന്ന തരകൻ), മുറ്റത്തെ മുല്ലേ ചൊല്ലൂ (മായാവി), മുത്തുമണിത്തൂവൽ തരാം (കൗരവർ), പൂമുഖവാതിൽക്കൽ (രാക്കുയിലിൻ രാഗസദസ്സിൽ), സ്വർഗ്ഗമിന്നെന്റെ (സാഗരം സാക്ഷി), ഇനിയൊന്നു പാടൂ (ഗോളാന്തരയാത്ര), ശാന്തമീ രാത്രിയിൽ (ജോണി വാക്കർ), ഓലത്തുമ്പത്തിരുന്ന്, സ്നേഹത്തിൻ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്), പനിനീരുമായ് പുഴകൾ (വിഷ്ണു), മഞ്ഞുകാലം നോൽക്കും (മേഘം), നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ), മയ്യഴിപ്പുഴയൊഴുകി (ഉദ്യാനപാലകൻ), ചൈത്ര നിലാവിന്റെ (ഒരാൾ മാത്രം), ഞാനൊരു പാട്ടുപാടാം (മേഘം), ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്), തങ്കമനസ്സ് (രാപ്പകൽ)...
ശാസ്ത്രീയ രാഗപ്രധാനമായ ഗാനങ്ങൾ വെള്ളിത്തിരയിൽ പാടി അഭിനയിക്കുക എളുപ്പമല്ല; സ്വരങ്ങളും ഗമകങ്ങളുമൊക്കെയുള്ള പാട്ടാണെങ്കിൽ പ്രത്യേകിച്ചും. അത്തരം ഗാനരംഗങ്ങൾ ആസ്വദിച്ച് അഭിനയിച്ചു ഫലിപ്പിച്ചവരാണ് പ്രേംനസീറിനെയും മോഹൻലാലിനെയും മനോജ് കെ ജയനെയും പോലുള്ള നടന്മാർ. ശാസ്ത്രീയ സംഗീതജ്ഞന്റെ മുഴുനീള വേഷം അധികം കൈകാര്യം ചെയ്യാത്തതുകൊണ്ടാവാം, സമാനമായ രംഗങ്ങൾ അപൂർവമായേ മമ്മൂട്ടിയെ തേടിയെത്തിയുള്ളൂ. എങ്കിലും ആ അവതരണങ്ങളും മോശമാക്കിയില്ല അദ്ദേഹം. ``സ്വാതികിരണം'' എന്ന തെലുങ്ക് ചിത്രത്തിലെ കർണ്ണാടക സംഗീതജ്ഞൻ അനന്തരാമ ശർമ്മയെ ഓർക്കുക. കെ വി മഹാദേവന്റെ സംഗീതത്തിൽ എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ച ശാസ്ത്രീയ ഗാനങ്ങൾ അവയുടെ സൗന്ദര്യം ചോർന്നുപോകാതെ തന്നെ അവതരിപ്പിക്കുന്നു മമ്മൂട്ടി. പ്രത്യേകിച്ച് സംഗീത സാഹിത്യ, ശിവാനി ഭവാനി എന്നീ ഗാനങ്ങൾ. ``രാക്കുയിലിൻ രാഗസദസ്സിൽ'' എന്ന ചിത്രത്തിലെ ഗോപാലക പാഹിമാം എന്ന സ്വാതിതിരുനാൾ കൃതിയാണ് മറ്റൊരുദാഹരണം.
ഹാസ്യഗാന രംഗങ്ങൾ മറ്റൊരു പരീക്ഷണവേദി. സിനിമാ ജീവിതത്തിന്‍റെ പ്രാരംഭഘട്ടത്തിൽ മമ്മൂട്ടി പാടി അഭിനയിച്ച കോമഡി ഗാനങ്ങൾ ഒന്നൊഴിയാതെ ഹിറ്റായിരുന്നു. ``പിൻനിലാ''വിലെ ``മാനേ മധുരക്കരിമ്പേ'' (യൂസഫലി കേച്ചേരി -- ഇളയരാജ) ആയിരിക്കണം ഈ നിരയിൽ ആദ്യത്തേത്. തുടർന്ന് ഡോക്ടർ സാറേ (സന്ദർഭം), പോം പോം ഈ ജീപ്പിന് മദമിളകി (നാണയം), പിടിയാന പിടിയാന (തുറുപ്പ് ഗുലാൻ), പൊന്നേ പൊന്നമ്പിളി (ഹരികൃഷ്‌ണൻസ്), ഓലത്തുമ്പത്തിരുന്ന് (പപ്പയുടെ സ്വന്തം അപ്പൂസ്) തുടങ്ങി വേറെയും നർമ്മപ്രധാന ഗാനങ്ങൾ. മമ്മൂട്ടി പെൺ വേഷത്തിലെത്തുന്ന മാമാങ്കത്തിലെ ``പീലിത്തിരുമുടി'' ആയിരുന്നു ഇക്കൂട്ടത്തിൽ വേറിട്ടുനിന്ന ദൃശ്യാനുഭവം.
ഇടയ്ക്ക് തമിഴിലും ചില സുന്ദര ഗാനങ്ങൾ പാടി അഭിനയിച്ചു മമ്മൂട്ടി. മൗനം സമ്മതത്തിലെ ``കല്യാണ തേൻ നിലാ'' മറക്കാനാകുമോ? ഇളയരാജയുടെ ഇന്ദ്രജാലസ്പർശം കൊണ്ട് കാലാതിവർത്തിയായിത്തീർന്ന ഗാനം. ``ദളപതി''യിലെ കാട്ടുക്കുള്ളേ, ``അഴകനി''ൽ മരഗതമണി ചിട്ടപ്പെടുത്തിയ സാതിമല്ലി പൂച്ചരമേ, സംഗീതസ്വരങ്ങൾ എന്നീ ഗാനരംഗങ്ങളിലുമുണ്ട് മമ്മൂട്ടിയുടെ സാന്നിധ്യം. ധർത്തീപുത്ര എന്ന ഹിന്ദി ചിത്രത്തിൽ മമ്മൂട്ടിക്കു വേണ്ടി പിന്നണി പാടിയത് കുമാർ സാനു -- സാരേ രംഗ് സെ ഹേ, മൗസം രംഗീലാ ഹേ എന്നീ ഗാനങ്ങളിൽ.
ഈ പട്ടിക അവസാനിക്കുന്നില്ല. ഓർമ്മകളിൽ മമ്മൂട്ടി പാടിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമയുടെ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിന്‍റെ ഭാഗമായ പാട്ടുകൾ. ഓരോ പാട്ടും ഓരോ കാലം. ആത്മാവിൻ പുസ്തകത്താളിൽ മയങ്ങുന്ന ആ മയിൽപ്പീലിയിതളുകൾക്ക് ഇന്നും നിത്യയൗവനം.
(പ്രശസ്ത ഗാനനിരൂപകന്‍ രവി മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നിന്ന്)