ഇടവേളകള്‍ക്കവസാനം; പാന്‍ ഇന്ത്യന്‍ ചിത്രമായി ആർ.ഡി.എക്സ് ഒരുങ്ങുന്നു
|ഷെയിൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്
വീക്കെൻ്റ് ബ്ലോക്ക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (RDX) സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയിൽ ആരംഭിക്കും. ആഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണം കുറച്ചു ദിവസത്തേക്കു നീട്ടിവെച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആൻ്റണി വർഗീസ്സിൻ്റെ കൈക്കു പരിക്കുപറ്റിയത് വീണ്ടും കാലതാമസത്തിനിടയാക്കി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂർണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ഭാഷദേശാതിര്‍ത്തിക്കപ്പുറം എല്ലാവര്‍ക്കും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യന്‍ ചിത്രമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്.
ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണു ചിത്രത്തിലെ നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബാസ് റഷീദ്-ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി.എസ്.ആണ്. കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ്-അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്സ്.ജെ.പുളിക്കീലാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്–റിച്ചാർഡ് കെവിൻ, കലാസംവിധാനം–പ്രശാന്ത് മാധവ്, മേക്കപ്പ്–റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം–ധന്യാ ബാലകൃഷ്ണൻ, അസോസിസിയേറ്റ് ഡയറക്ടർ–വിശാഖ്, നിർമാണ നിർവ്വഹണം–ജാവേദ് ചെമ്പ്, പി.ആർ.ഒ-വാഴൂർ ജോസ്.