യഷിനെക്കുറിച്ചുള്ള പരാമർശം; അല്ലു അർജുന്റെ അച്ഛനെതിരെ സോഷ്യൽ മീഡിയ
|യഷിന്റെ പ്രകടനത്തെ പുകഴ്ത്തിയും യഷ് ഇല്ലാത്ത കെ.ജി.എഫിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നുമാണ് ആരാധകർ പറയുന്നത്
നടൻ അല്ലു അർജുന്റെ പിതാവും പ്രശസ്ത സിനിമാ നിർമാതാവുമായ അല്ലു അരവിന്ദ് കന്നട നടൻ യഷിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗീതാ ആർട്ട്സിന്റെ തന്നെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അല്ലു അരവിന്ദിന്റെ പരാമർശം.
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒഴിവാക്കി എന്തുകൊണ്ടാണ് ചെറിയ സിനിമകള്‍ നിർമാണം ചെയ്യുന്നതെന്നായിരുന്നു ചോദ്യം. നിർമാണ ചെലവ് തന്നെയാണ് അതിന് കാരണമെന്നാണ് അദ്ദേഹം പ്രതീകരിച്ചത്. അല്ലു അർജുന്റെ തന്നെ പ്രതിഫലം ചൂണ്ടിക്കാട്ടി ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി താരങ്ങള്‍ വലിയ പ്രതിഫലം വാങ്ങുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ താരങ്ങള്‍ മാത്രമല്ല സിനിമയുടെ ചെലവ് കൂടാൻ കാരണമെന്നായിരുന്നു അല്ലു അരവിന്ദിന്റെ മറുപടി.
ഒരു സിനിമയുടെ മൊത്തം ചെലവിന്റെ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് ഒരു നായകന് പ്രതിഫലമായി നൽകുന്നത്. അതുകൊണ്ട് തന്നെ നായകന്റെ പ്രതിഫലം കൊണ്ട് സിനിമയുടെ ബജറ്റ് കൂടുമെന്നത് ശരിയല്ല. അഭിനേതാക്കളുടെ പ്രതിഫലത്തിന് പുറമെ സിനിമ വലിയൊരു സംരംഭമാക്കാൻ ധാരാളം പണം ചെലവഴിക്കുന്നുണ്ട്.
കെജിഎഫിലൂടെ തരംഗം സൃഷ്ടിച്ച യാഷിനെയാണ് തന്റെ വാക്കുകള്‍ക്ക് ഉദാഹരണമായി അല്ലു അരവിന്ദ് ചൂണ്ടിക്കാട്ടിയത്. കെജിഎഫിന് മുമ്പ് യാഷ് ആരായിരുന്നു? അവൻ എത്ര വലിയ നായകനായിരുന്നു? എന്തുകൊണ്ടാണ് ആ സിനിമ ഇത്രയും കോളിളക്കം സൃഷ്ടിച്ചത്? സിനിമയുടെ മേക്കിങ്ങു കൊണ്ട് മാത്രമാണ് അത് സാധ്യമായത്. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് പ്രേക്ഷകരെ ആകർഷിക്കുന്നതെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു.
എന്നാൽ അല്ലു അരവിന്ദിന്റെ പരാമർശം യഷ് ആരാധാകരെ വല്ലാതെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണത്തിനെതിരെ നിരവധി യഷ് ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. യഷിന്റെ പ്രകടനത്തെ പുകഴ്ത്തിയും യഷ് ഇല്ലാത്ത കെ.ജി.എഫിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നുമാണ് ആരാധകർ പറയുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനവും യഷിന്റെ പ്രകടനവുമാണ് ആ സിനിമയെ ജനപ്രിയമാക്കിയെന്നും ചിലര്‍ കുറിച്ചു. യഷും അല്ലു അർജുനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും യഷ് ഒരു സാധാരണ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ വ്യക്തിയാണ്, അല്ലു അര്ജുന് ശക്തമായ സിനിമാ പാരമ്പര്യമുണ്ടെന്നും അത് മനസിലാക്കണമെന്നുമാണ് ചിലർ പറഞ്ഞത്.
എന്നാൽ അല്ലു അരവിന്ദിനെ പിന്തുണച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും ആവശ്യപ്പെട്ട് മറ്റു ചിലരും രംഗത്തെത്തി.