സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന്‍ ഇനി ഹോളിവുഡില്‍
|ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ'മാഡ് മാക്സ്: ഫ്യൂരിയോസ'യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്
സിഡ്നി: ''എന്നെയൊന്ന് കൊന്നു തരാമോ?ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ തരൂ.ഞാൻ ജീവിതം അവസാനിപ്പിക്കാം'' ഉയരം കുറവായതിന്‍റെ പേരില്‍ സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതു വയസുകാരെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാന്‍ സാധിക്കില്ല. അവന്‍റെ കരയുന്ന മുഖം അത്രമേല്‍ ലോകത്തെ വേദനിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡന്‍റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അന്ന് ലോകം മുഴുവനും ക്വാഡനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇപ്പോഴിതാ ഒരു സുവര്‍ണ അവസരം ക്വാഡനെ തേടിയെത്തിയിരിക്കുകയാണ്. ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ക്വാഡന് ലഭിച്ചിരിക്കുന്നത്.
ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ'മാഡ് മാക്സ്: ഫ്യൂരിയോസ'യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ് ഹേംസ്‌വെർത്ത്, ആന്യ ടെയ്‌ലർ-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടും. 2024 ലാണ് സിനിമ പുറത്തിറങ്ങുക. ജോർജ് മില്ലറിന്‍റെ തന്നെ 'ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങിങ്' എന്ന സിനിമയിലും ക്വാഡൻ ബെയിൽസ് അഭിനയിക്കും. ഇദ്രീസ് എൽബ, ടിൽഡ സ്വിൻടൺ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
ഉയരക്കുറവിന്‍റെ പേരില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് എപ്പോഴും ഇരയാകാറുള്ള കുട്ടിയായിരുന്നു ക്വാഡന്‍. മകന്‍റെ സങ്കടം കണ്ട അമ്മ യരാഖ ബെയിൽസ് ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. ''പഠിക്കാനും അല്‍പം ഉല്ലാസത്തിനും വേണ്ടിയാണ് എന്‍റെ മകൻ സ്കൂളിൽ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്‍റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകർക്കുന്നതെന്ന് മനസ്സിലാക്കണം'' യരാഖയുടെ വീഡിയോയില്‍ പറയുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് ക്വാഡന് പിന്തുണ നല്‍കിയത്.