Entertainment
Report of Karan Johar remaking Pariyerum Perumal irks fans
Entertainment

'പരിയേറും പെരുമാളിനെ കരണ്‍ ജോഹറില്‍ നിന്ന് രക്ഷിക്കുക': റീമേക്ക് റിപ്പോര്‍ട്ടിനു പിന്നാലെ കമന്‍റ് പ്രളയം

Web Desk
|
25 April 2023 2:32 PM GMT

'ദരിദ്രനായ ആണ്‍കുട്ടിയും സമ്പന്നയായ പെണ്‍കുട്ടിയും തമ്മിലെ പഞ്ചസാരയില്‍ പൊതിഞ്ഞ പ്രണയമായി കരണ്‍ ജോഹര്‍ പരിയേറും പെരുമാളിനെ മാറ്റും'

ഒരേസമയം പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് പരിയേറും പെരുമാള്‍. ഈ തമിഴ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. കരണ്‍ ജോഹറാണ് റിമേക്ക് ചെയ്യുന്നതെന്ന റിപ്പോര്‍ട്ട് വന്നതോടെ സിനിമാപ്രേമികളില്‍ ഒരു വിഭാഗം അസ്വസ്ഥരാണ്.

2018ൽ മാരി സെൽവരാജ് ഒരുക്കിയ ചിത്രമാണ് പരിയേറും പെരുമാൾ. ഇന്ത്യൻ സാമൂഹികയിടങ്ങളിൽ കാലങ്ങളായി ആഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയും ദുരഭിമാനക്കൊലയുമാണ് ചിത്രം വരച്ചുകാട്ടിയത്. കറുപ്പിയെന്ന നായയുടെ കൊലയിലൂടെയാണ് മാരി സെൽവരാജ് സിനിമയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

രാജ്യമാകെ ചര്‍ച്ചയായ ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തുമ്പോൾ ടൈറ്റിൽ റോളിൽ എത്തുന്നത് സിദ്ധാന്ത് ചതുർവേദിയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴിൽ കതിർ ആണ് നായകനായെത്തിയത്. അനന്ദി അഭിനയിച്ച ജ്യോതി മഹാലക്ഷ്മി എന്ന കഥാപാത്രമായെത്തുക ബോളിവുഡ് നടി തൃപ്തി ദിമ്രിയാണെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴിൽ പാ രഞ്ജിത്താണ് പരിയേറും പെരുമാൾ നിർമിച്ചത്.

കരണ്‍ ജോഹറും ധര്‍മ പ്രൊഡക്ഷന്‍സും സിനിമയെ പഞ്ചസാരയില്‍ പൊതിയുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിമര്‍ശനം. സൈറാത്ത് എന്ന മറാത്തി സിനിമയെ ധഡക് എന്ന പേരില്‍ റീമേക്ക് ചെയ്ത കരണ്‍ ജോഹര്‍ ആ സിനിമയുടെ ഗൌരവം ചോര്‍ത്തിക്കളഞ്ഞത് ചിലര്‍ ചൂണ്ടിക്കാട്ടി.

പരിയേറും പെരുമാളിലെ ഓരോ കഥാപാത്രത്തിനും ഓരോ രംഗത്തിനും ആഴമുണ്ട്. സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും ജാതിവിവേചനത്തിന്‍റെ ഭീകരതയും കരണ്‍ ജോഹറിനെ മനസ്സിലാകുമോ എന്നാണ് ചിലരുടെ ചോദ്യം. പഞ്ചസാരയില്‍ പൊതിഞ്ഞ് ദരിദ്രനായ ആണ്‍കുട്ടിയും സമ്പന്നയായ പെണ്‍കുട്ടിയും തമ്മിലെ പ്രണയമായി കരണ്‍ സിനിമയെ മാറ്റുമെന്നും ട്വീറ്റുകളുണ്ട്.






Similar Posts