'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'; പെലെയ്ക്ക് ആദരവുമായി എ.ആര്‍ റഹ്‍മാന്‍റെ 'ജിംഗ' ഗാനം
|'പെലെ: ബെര്‍ത്ത് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ട് പങ്കുവെച്ചാണ് എ.ആര്‍ റഹ്‍മാൻ ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി നേർന്നത്
തലമുറകളുടെ ആവേശമായിരുന്ന പെലെയ്ക്ക് ആദരാഞ്‍ജലി നേര്‍ന്ന് ലോക പ്രശസ്ത സംഗീതജ്ഞൻ എ.ആര്‍ റഹ്‍മാന്‍. 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിലൂടെയാണ് റഹ്മാൻ ആദരാഞ്‍ജലി നേര്‍ന്നത്. ഫുട്‍ബോള്‍ ഇതിഹാസ താരത്തിന്‍റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജൻഡ്'. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എ.ആര്‍ റഹ്‍മാൻ ആയിരുന്നു. എ.ആര്‍ റഹ്‍മാൻ സിനിമയ്ക്ക് വേണ്ടി ആലപിക്കുകയും ചെയ്തു. അന്നാ ബിയാട്രീസിനൊപ്പം പാടിയ പാട്ട് പങ്കുവെച്ചാണ് എ.ആര്‍ റഹ്‍മാൻ ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി നേർന്നത്.
'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ' എന്ന് ട്വീറ്റ് ചെയ്താണ് എ.ആര്‍ റഹ്‍മാന്‍ ഗാനം പങ്കുവെച്ചത്. തന്‍റെയും പെലെയുടെയും ജീവിതം തമ്മില്‍ ഏറെ സാമ്യമുണ്ടെന്നും പെലെയെ ഫുട്‌ബോള്‍ താരമാക്കാന്‍ പിതാവ് നേരിട്ട സഹനങ്ങള്‍ക്ക് സമാനമാണ് സംഗീത ലോകത്ത് തന്‍റെ പിതാവിനും നേരിടേണ്ടി വന്നതെന്നും റഹ്മാന്‍ പറഞ്ഞു. ഏറെ പ്രശസ്‍തി നേടിയ മ്യൂസിക് വീഡിയോയായിരുന്നു എ.ആര്‍ റഹ്‍മാൻ സംഗീതം ചെയ്ത 'ജിംഗ'.
ഫുട്‌ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരമായ പെലെ 88ആം വയസിലാണ് വിടവാങ്ങുന്നത്. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഡിസംബര്‍ 21 ന് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങലും താരം നേരിട്ടിരുന്നു.മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു.