'സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ്ബിങ് സിനിമക്ക്'; ദേശീയ പുരസ്കാര പ്രഖ്യാപനത്തിനെതിരെ റസൂല്‍ പൂക്കുട്ടി, വിവാദം
|സിങ്ക് സൗണ്ട് സിനിമ ഏതെന്നും ഡബ്ബ് സിനിമ ഏതെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് സഹതാപം തോന്നുന്നതായി സംവിധായകനും സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ്
ദേശീയ പുരസ്കാര പ്രഖ്യാപനത്തിനെതിരെ മലയാളിയായ സൗണ്ട് ഡിസൈനറും ഓസ്കര് പുരസ്കാര ജേതാവുമായ റസൂല്‍ പൂക്കുട്ടി. മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്കിയ ചിത്രം സിങ്ക് സൗണ്ട് ചെയ്ത ചിത്രമല്ലെന്നും ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂല്‍ പൂക്കുട്ടി ആരോപിച്ചു. ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കന്നഡ ചിത്രമായ ഡൊള്ളുവിനാണ് ഇത്തവണ സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്കാരം നല്‍കിയത്. ജോബിന് ജയനാണ് പുരസ്കാരം നല്‍കിയത്.
സിങ്ക് സൗണ്ട് സിനിമ ഏതെന്നും ഡബ്ബ് സിനിമ ഏതെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് സഹതാപം തോന്നുന്നതായി സംവിധായകനും സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് പറഞ്ഞു. ദേശീയ അവാർഡ് നിർണയത്തിന്റെയും നടപടിക്രമങ്ങളുടെയും തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നിതിന്‍ ട്വിറ്ററില്‍ അറിയിച്ചു.
മികച്ച ഓഡിയോഗ്രഫി വിഭാഗത്തിലാണ് സിങ്ക് സൗണ്ട് റെക്കോര്‍ഡിങിനുള്ള പ്രത്യേക പുരസ്കാരം ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ മാലികിലൂടെ മികച്ച റീ റെക്കോര്‍ഡിസ്റ്റ് പുരസ്കാരം മലയാളികളായ വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും സ്വന്തമാക്കി. രജത കമലവും അന്‍പതിനായിരം രൂപയുമാണ് പുരസ്കാര തുക. മികച്ച സൗണ്ട് ഡിസൈനര്‍ പുരസ്കാരം മി വസന്തറാവു(ഐയാം വസന്തറാവു) എന്ന ചിത്രത്തിലൂടെ അന്മോല് ഭാവെയും സ്വന്തമാക്കി.