Entertainment
കത്തിക്കയറി കാന്താര 400 കോടി ക്ലബില്‍
Entertainment

കത്തിക്കയറി കാന്താര 400 കോടി ക്ലബില്‍

Web Desk
|
23 Nov 2022 5:00 AM GMT

കര്‍ണാടകയില്‍ മാത്രം ചിത്രം 168.50 കോടിയാണ് നേടിയത്

കന്നഡയില്‍ നിന്നും ഇന്ത്യന്‍ സിനിമയിലാകെ തരംഗമായ കാന്താര 400 കോടി ക്ലബില്‍.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ചിത്രം 400 കോടി ക്ലബില്‍ കയറിക്കഴിഞ്ഞു. 400.09 കോടിയാണ് കാന്താരയുടെ കളക്ഷന്‍. കര്‍ണാടകയില്‍ മാത്രം ചിത്രം 168.50 കോടിയാണ് നേടിയത്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആര്‍.ആര്‍.ആര്‍,കെജിഎഫ് ചാപ്റ്റര്‍ 2, പൊന്നിയിന്‍ സെല്‍വന്‍ 1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം 400 കോടി കലക്ഷന്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണ് കാന്താര. ഇന്ത്യയില്‍ നിന്നും 356.40 കോടിയും വിദേശത്തു നിന്നും 400.90 കോടിയുമാണ് ചിത്രം നേടിയത്. ആന്ധ്ര, തെലങ്കാന- 60 കോടി, തമിഴ്നാട്- 12.70 കോടി, കേരളം-19.20 കോടി, നോര്‍ത്ത് ഇന്ത്യ-96 കോടി എന്നിങ്ങനെയാണ് കണക്ക്.

ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് കാന്താര.

കാന്താര വിജയിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ വിജയവും ഇന്ത്യയിലുടനീളം ചിത്രം സ്വീകരിക്കപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഋഷഭ് ഷെട്ടി ഡിഎന്‍എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയെ അടിസ്ഥാനമാക്കിയുള്ള ആശയം, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സംഘർഷം എന്നിവ ഒരു സാർവത്രിക വിഷയമാണ്.എന്റെ കഥ ആഴത്തിൽ വേരൂന്നിയതും പ്രാദേശികവുമായതിനാൽ ഇത് പ്രേക്ഷകർക്ക് പുതുമയുള്ളതായിരിക്കുമെന്നും വിജയിക്കുമെന്നും ഞാൻ കരുതിയിരുന്നു, പക്ഷേ ഇത്ര സ്വീകരിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'' ഋഷഭ് പറഞ്ഞു.

സെപ്തംബര്‍ 30നാണ് കാന്താര തിയറ്ററുകളിലെത്തുന്നത്. ചിത്രം വന്‍വിജയമായതോടെ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുകയായിരുന്നു. ഹിന്ദിയിൽ ഒക്ടോബർ 14 നും തമിഴിലും തെലുങ്കിലും ഒക്ടോബർ 15 നും മലയാളത്തിൽ ഒക്ടോബർ 20 നും റിലീസ് ചെയ്തു.

Similar Posts