'ഒലിവര്‍ ട്വിസ്റ്റ് പറയുന്ന ആ കഥ യഥാര്‍ഥത്തില്‍ സംഭിച്ചത്' തന്‍റെ അച്ഛന്‍റെ അനുഭവം പറഞ്ഞ് റോജിന്‍ തോമസ്
|ചിത്രത്തിന്‍റെ സംവിധായകന്‍ റോജിന്‍ തോമസിന്‍റെ അച്ഛന് ഏകദേശം 15 - 16 വയസ് ഉള്ളപ്പോഴാണ് അത് സംഭവിച്ചത്
ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തിയ ഹോം. റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം സാങ്കേതിക വിദ്യകള്‍ ഒരു കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.
സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായ ക്ലൈമാക്സ് സീന്‍ എഴുതിയത് തന്‍റെ പിതാവിന്‍റെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് റോജിന്‍ പറയുന്നു. ഇന്ദ്രൻസ് തന്‍റെ ജീവിതത്തിലെ എക്സ്ട്രാ ഓർഡിനറി കഥ മകനോട് വിവരിക്കുന്ന ഫ്ലാഷ്ബാക്ക് രംഗം തന്‍റെ അച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതൊരു യഥാർത്ഥ കഥയായിരുന്നു. അച്ഛന് ഏകദേശം 15 - 16 വയസ് ഉള്ളപ്പോഴാണ് അത് സംഭവിച്ചത്.
ഒരു ദിവസം അദ്ദേഹം എന്നെ സ്കൈപ്പിൽ വിളിച്ച് ഞാൻ എഴുതിയ തിരക്കഥ വിവരിക്കാൻ ആവശ്യപ്പെട്ടു. അന്നേരം കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ ഒരു സ്ത്രീയെ സഹായിക്കുന്ന ഒരു കഥ അദ്ദേഹം വിവരിച്ചു. അദ്ദേഹത്തോടൊപ്പമുള്ള തന്റെ 25 വർഷങ്ങളിൽ, ആ നിമിഷം വരെ താൻ അങ്ങനെ ഒരു കഥ അച്ഛനിൽ നിന്ന് കേട്ടിട്ടില്ല. റോജിന്‍ പറയുന്നു.
#ഹോം ഒരു സാമൂഹിക പ്രസക്തവും, ലളിതവും മനോഹരവുമായ ആഖ്യാനത്തോടുകൂടിയ തയ്യാറാക്കിയ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ, വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നൽസൻ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗീസ്, കിരൺ അരവിന്ദാക്ഷൻ, ചിത്ര, പ്രിയങ്ക നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം ഇപ്പോൾ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ആമസോൺ പ്രൈം വീഡിയോയിലൂടെ കാണാൻ സാധിക്കും.