Entertainment
ആർ.ആർ.ആർ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലുങ്ക് ചിത്രം: എസ്.എസ് രാജമൗലി
Entertainment

ആർ.ആർ.ആർ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലുങ്ക് ചിത്രം: എസ്.എസ് രാജമൗലി

Web Desk
|
14 Jan 2023 2:53 PM GMT

''സിനിമയുടെ അവസാനം, മൂന്ന് മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞതേ ഇല്ല എന്നു നിങ്ങൾ പറഞ്ഞാൽ, ഞാൻ ഒരു വിജയിച്ച ചലച്ചിത്ര സംവിധായകനാണെന്ന് നിസംശയം പറയാൻ സാധിക്കും''

രാംചരണും ജൂനിയർ എൻ.ടി.ആറും മുഖ്യകഥാപാത്രങ്ങളായെത്തിയ ആർ.ആർ.ആർ ബോളിവുഡ് ചിത്രമല്ലെന്നും ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലുങ്ക് ചിത്രമാണെന്നും സംവിധായകൻ എസ്.എസ് രാജമൗലി. 80-ാമത് ഗോൾഡൻ ഗ്ലോബിൽ ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനൽ സോങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജമൗലിയുടെ പ്രസ്താവന. ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നേട്ടത്തിൽ നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗിൽഡ് ഓഫ് അമേരിക്കയിൽ തന്റെ സിനിമയുടെ പ്രദർശനത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സിനിമയുടെ കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ പാട്ടുകൾ ഉപയോഗിച്ചതെന്നും രാജമൗലി കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശിന്റെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി സിനിമയിൽ പറയുന്നത്. ''സിനിമയുടെ അവസാനം, മൂന്ന് മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞതേ ഇല്ല എന്നു നിങ്ങൾ പറഞ്ഞാൽ, ഞാൻ ഒരു വിജയിച്ച ചലച്ചിത്ര സംവിധായകനാണെന്ന് നിസംശയം പറയാൻ സാധിക്കും''- രാജമൗലി പറഞ്ഞു.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് എം.എം കീരവാണിയാണ് സംഗീതം നൽകിയത്. ഗാനം ആലപിച്ചത് കാലഭൈരവവും രാഹുൽ സിപ്ലിഗുഞ്ജും ചേർന്നാണ്. സിനിമയ്ക്ക് ഓസ്‌കാർ അവാർഡ് ലഭിക്കുമെന്നാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ അഭിപ്രായം. ഒാസ്‌കാർ നേട്ടം കൈവരിച്ചാൽ ജൂനിയർ എൻടിആറും താനും വേദിയിൽ നൃത്തം ചെയ്യുമെന്ന് രാംചരൺ വ്യക്തമാക്കിയിരുന്നു. ആർ.ആർ.ആറിന് ഓസ്‌കാർ ലഭിക്കുമെന്ന് ഹോളിവുഡ് നിർമ്മാതാവായ ജേസൺ ബ്ലൂം പറഞ്ഞിരുന്നു. ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന ഡാൻസ് സീക്വൻസുകളും സംഘട്ടന രംഗങ്ങളും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്.

Similar Posts