Entertainment
Naatu Naatu song

നാട്ടു നാട്ടു ഗാനത്തിലെ രംഗം

Entertainment

ആര്‍.ആര്‍.ആറിന് ഗോള്‍ഡന്‍ ഗ്ലോബ്; ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം

Web Desk
|
11 Jan 2023 2:04 AM GMT

ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് അവാര്‍ഡ്

ലോസാഞ്ചലസ്: തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് അവാര്‍ഡ്. സംഗീത സംവിധായകന്‍ എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി.മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ഈ ചിത്രം നേടിയിരുന്നു.

മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ 'കരോലിന' (ടെയ്‌ലർ സ്വിഫ്റ്റ്), from Where the Crawdads sing, 'സിയാവോ പാപ്പ' (അലക്‌സാണ്ടർ ഡെസ്‌പ്ലാറ്റ്, റോബൻ കാറ്റ്‌സ്, ഗില്ലെർമോ ഡെൽ ടോറോ) - ഗില്ലെർമോ ഡെൽ ടോറോയുടെ പിനോക്‌ചിയോ. 'ഹോൾഡ് മൈ ഹാൻഡ്' (ലേഡി ഗാഗ, ബ്ലഡ്‌പോപ്പ്, ബെഞ്ചമിൻ റൈസ്) - ടോപ്പ് ഗൺ: മാവെറിക്ക്, 'ലിഫ്റ്റ് മി അപ്പ്' (ടെംസ്, റിഹാന, റയാൻ കൂഗ്ലർ, ലുഡ്‌വിഗ് ഗൊറാൻസൺ) - ബ്ലാക്ക് പാന്തർ: വക്കണ്ട ഫോര്‍ എവര്‍ എന്നിവയോട് മത്സരിച്ചാണ് 'നാട്ടു നാട്ടു' അസൂയാവഹമായ നേട്ടം കരസ്ഥമാക്കിയത്. സംവിധായകന്‍ എസ്.എസ് രാജമൗലി, താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ബെവർലി ഹിൽട്ടണില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.ചിത്രത്തിന്‍റെ ഓസ്‌കാർ കാമ്പെയ്‌നിൽ പങ്കെടുക്കുന്നതിനാൽ സംവിധായകൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോസാഞ്ചലസില്‍ തങ്ങുകയായിരുന്നു.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

ആഗോളതലത്തിൽ ₹ 1,200 കോടിയിലധികം നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്. ഓസ്കര്‍ പുരസ്കാരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും ആര്‍.ആര്‍.ആര്‍ ഇടംപിടിച്ചിട്ടുണ്ട്.

ജെറോഡ് കാർമൈക്കലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരച്ചടങ്ങിന്‍റെ അവതാരകന്‍.വംശീയവും ലിംഗവിവേചനപരവുമായ വോട്ടിംഗ് രീതികളെ വിമർശിച്ചതിനെത്തുടർന്ന് ആഭ്യന്തര പരിഷ്കാരങ്ങൾ നടത്തിയതിന് ശേഷമാണ് അവാർഡുകൾ ഹോളിവുഡ് മുഖ്യധാരയിലേക്ക് മടങ്ങുന്നത്.


Similar Posts