'ഉയരെക്ക്' ശേഷം എസ് ക്യൂബ് വീണ്ടും; അനീഷ് ഉപാസന സംവിധാനം
|തൃശ്ശൂര്‍ കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്
'ഉയരെ' എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് ഇരിഞ്ഞാലക്കുടക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്. ഷെറിൻ ഗംഗാധരൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും, നവ്യാനായർ, സൈജു ക്കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, സംവിധായിക രത്തിന ഷെര്‍ഷാദ് എന്നിവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു.
തൃശ്ശൂര്‍ കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലെന്നും വേട്ടയാടപ്പെടുന്നതാണ് പ്രമേയം. പി.ഡബ്ല്യൂ.ഡി സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തതിന് ശേഷം വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു. ഈ സംഘർഷങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. നവ്യാനായർ ജാനകിയെ ഭദ്രമാക്കുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.
ജോണി ആന്‍റണി, കോട്ടയം നസീർ, നന്ദു, ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം-കൈമാസ് മേനോൻ. ഛായാഗ്രഹണം-ശ്യാംരാജ്. എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ. വസ്ത്രാലങ്കാരം-സമീറാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘുരാമവർമ്മ. അസോസിയേറ്റ് ഡയറക്ടേർസ്-രോഹൻരാജ്,റെമീസ് ബഷീർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുരം. പ്രൊഡക്ഷൻ മാനേജർ-സുജീവ് ഡാൻ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രത്തീന. നിശ്ചല ഛായാഗ്രഹണം-ഋഷി ലാൽ ഉണ്ണികൃഷ്ണൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. ഇരിഞ്ഞാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും.