Entertainment
ചലച്ചിത്ര നയരൂപീകരണം; കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാവില്ലെന്ന് മന്ത്രി, ഡബ്ല്യൂ.സി.സിക്ക് മറുപടി
Entertainment

ചലച്ചിത്ര നയരൂപീകരണം; കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാവില്ലെന്ന് മന്ത്രി, ഡബ്ല്യൂ.സി.സിക്ക് മറുപടി

Web Desk
|
24 July 2023 10:43 AM GMT

സാംസ്കാരിക വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ ഡബ്ല്യൂ.സി.സി രംഗത്ത് വന്നിരുന്നു

ആലപ്പുഴ: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സിനിമയിലെ എല്ലാവരുമായും വിഷയം ചർച്ച ചെയ്യുമെന്നും അന്തിമ തീരുമാനം മെഗാ കോൺക്ലേവിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്കാരിക വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.

കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക് പ്രശ്നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമർശിച്ചു. കമ്മിറ്റിയിൽ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു.

Similar Posts